ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറെന്ന പേരിൽ നടക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വൻ വിലക്കുറവെന്ന പേരിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികൾക്ക് നിയന്ത്രണമേർപ്പെടുത്താനാണ് നീക്കം.
ഓൺലൈൻ വഴി ഉല്പന്നങ്ങൾക്ക് വലിയ വിലക്കുറവ് പ്രഖ്യാപിക്കുന്നത് പതിവാണ്. എന്നാൽ യഥാർഥത്തിൽ ഉല്പന്നത്തിന്റെ വില എത്രയായിരുന്നുവെന്ന് ഉപഭോക്താവിന് അറിയാൻ കഴിയുകയില്ല. വിലക്കുറവ് പ്രഖ്യാപിക്കുമ്പോൾ പുതിയ വിലയ്‌ക്കൊപ്പം ഉല്‍പന്നത്തിന്റെ മുൻവിലയും പ്രദർശിപ്പിച്ചിരിക്കണമെന്നാണ് പുതിയ നിബന്ധന.
കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം അനുസരിച്ച് ഓഫർ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരിക്കും മുൻവിലയായി കണക്കാക്കുന്നത്. സെർച്ച് റിസൾട്ടുകൾ, പണമടച്ച് പ്രമോട്ട് ചെയ്യുന്ന ഉല്പന്നങ്ങൾ, ഡാർക്ക് പാറ്റേണുകൾ തുടങ്ങിയവയിലും കേന്ദ്രം കൂടുതൽ കർശന നിയന്ത്രണം കൊണ്ടുവരും. 2027 ജനുവരി ഒന്നുമുതലാണ് പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നത്. കൺസ്യൂമർ പ്രൊട്ടക്ഷൻ ( ഇ -കൊമേഴ്സ്) റൂൾസ്, 2020 ഭേദഗതി ചെയ്താണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ഓൺലൈൻ വഴിയുള്ള ഷോപ്പിംഗ് കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ ഒഴിവാക്കുന്നതിനുമാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഉപഭോക്താക്കൾ തിരയുന്നതുമായി ബന്ധമില്ലാത്ത ഉല്പന്നങ്ങൾ മുന്നിലെത്തിക്കുന്ന തരത്തിലോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ സെർച്ച് റിസൾട്ടുകൾ നൽകാൻ ഇനി ഇ-കൊമോഴ്സ് കമ്പനികൾക്ക് കഴിയില്ല. സ്പോൺസർ ചെയ്ത ഉല്പന്നങ്ങളാണെങ്കിൽ അത് വ്യക്തമാക്കണമെന്നാണ് പുതിയ നിബന്ധന.
പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിലും ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉത്തരവാദിത്തം വർദ്ധിക്കും. . ഉപഭോക്താവിന്റെ സമ്മതമില്ലാതെ നിശ്ചിത ആവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഇ-കൊമേഴ്‌സ് സേവനവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റ് സേവനങ്ങളുടെ ഫീസ് കൂട്ടിച്ചേർത്ത് ഒറ്റത്തുകയായി ഈടാക്കുന്നതിനും കടിഞ്ഞാൺ ഇടാനാണ് നീക്കം.
കൂടാതെ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വർഷത്തിൽ ഒരിക്കൽ സ്വയം പരിശോധന നടത്തുകയും ചട്ടങ്ങൾ പാലിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയും വേണമെന്ന വ്യവസ്ഥയും പുതിയ ചട്ടങ്ങളിലുണ്ട്. ഓൺലൈൻ ഷോപ്പിംഗ് മേഖല അതിവേഗം വളരുന്നതിനിടെയാണ് ഉപഭോക്തൃ സംരക്ഷണം ശക്തമാക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കം.
മലയാളികൾ ഉൾപ്പെടെ സ്ഥിരം ഉപയോഗിക്കുന്ന ഇ-കൊമേഴ്സ് പ്ളാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവ ഉൾപ്പെടെയുള്ളവയ്ക്കും ഡിസ്കൗണ്ട്, സെർച്ച് റാങ്കിംഗ്, പരസ്യപ്രദർശനം തുടങ്ങിയ രീതികളിൽ മാറ്റം വരുത്തേണ്ടതായി വരും.
The Central government is amending e-commerce rules to curb misleading online advertisements and ensure transparency. New regulations, effective January 1, 2027, will require platforms to display a product's lowest price from the preceding 30 days alongside any discount. Stricter controls will also apply to search results and promoted products, enhancing consumer protection against deceptive practices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |