
വാഷിംഗ്ടൺ: തകർന്ന ഒരു ഹെൽമെറ്റ്... 25 വർഷങ്ങൾക്ക് മുമ്പ് ജൂലിയറ്റ് സ്‌കൗസോ എന്ന നാല് വയസുകാരിക്ക് മുന്നിൽ വിധി ബാക്കിവച്ച പിതാവിന്റെ ഏക ഓർമ്മ. അമേരിക്കയും ലോകവും നടുങ്ങിയ 9/11 ഭീകരാക്രമണം (സെപ്‌തംബർ 11 ഭീകരാക്രമണം ) കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും പിതാവിന് എന്തു സംഭവിച്ചെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ജൂലിയറ്റും മൂന്ന് സഹോദരങ്ങളും.
അഗ്നിരക്ഷാ സേനാംഗമായിരുന്നു ജൂലിയറ്റിന്റെ അച്ഛൻ ഡെന്നിസ്. 2001 സെപ്തംബർ 11ന് രാവിലെ 8.46 നാണ് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് അൽ ക്വഇദ ഭീകരർ തട്ടിയെടുത്ത യാത്രാവിമാനം ഇടിച്ചുകയറിയത്.
അന്ന് ഡെന്നിസ് അവധിയായിരുന്നെങ്കിലും ഓവർടൈം അടിസ്ഥാനത്തിൽ സഹപ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തി. എന്നാൽ 9.03ന് സെന്ററിന്റെ സൗത്ത് ടവറിലേക്ക് രണ്ടാമതൊരു വിമാനം കൂടി ഇടിച്ചിറങ്ങി. ഡെന്നിസ് അടക്കം രക്ഷാപ്രവർത്തകരും ദുരന്തത്തിൽപ്പെട്ടു. അദ്ദേഹം കൊല്ലപ്പെട്ടെന്ന് അധികൃതർ കുടുംബത്തെ അറിയിച്ചു.
മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് അദ്ദേഹത്തിന്റെ ബാഡ്ജ് നമ്പർ രേഖപ്പെടുത്തിയ ഹെൽമറ്റ് കണ്ടെത്തിയത്. എന്നാൽ ഇതുവരെ മൃതദേഹം ലഭിച്ചിട്ടില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട, ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലാത്ത ആയിരത്തിലേറെ മനുഷ്യരിൽ ഒരാളാണ് ഡെന്നിസ്. ഇന്നലെ അമേരിക്കൻ ജനത ദുരന്തത്തിന്റെ 25 -ാം വാർഷികം ആചരിച്ചപ്പോൾ ന്യൂയോർക്ക് സിറ്റിയിലും വാഷിംഗ്ടൺ ഡി.സിയിലും വിർജീനിയയിലും അവരുടെ കുടുംബങ്ങളും ഒത്തുകൂടി. മനസിൽ ഉണങ്ങാത്ത മുറിവുമായി.
# ആ വിമാനം എവിടേക്ക് ?
അൽ ക്വഇദ ഭീകരർ റാഞ്ചിയത് 4 വിമാനങ്ങൾ (അമേരിക്കൻ, യുണൈറ്റഡ് എയർലൈൻസ് വിമാനങ്ങൾ രണ്ട് വീതം )
രണ്ടെണ്ണം ഇടിച്ചുകയറ്റിയത് 110 നിലയുള്ള വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക്
മൂന്നാമത്തേത് വിർജീനിയയിൽ യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചു കയറി
മറ്റൊന്ന് പെൻസിൽവേനിയയിൽ തകർന്നുവീണു. വിമാനത്തിന്റെ ആക്രമണലക്ഷ്യം എവിടേക്കായിരുന്നുവെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസോ ക്യാപിറ്റൽ മന്ദിരമോ ആയിരുന്നിരിക്കാം
# മരണക്കണക്ക്
കൊല്ലപ്പെട്ട നിരപരാധികൾ - 2,977
( വേൾഡ് ട്രേഡ് സെന്ററും പരിസരവും - 2,606
പെന്റഗൺ - 125
വിമാനയാത്രികർ - 246 )
മരിച്ച ഭീകരർ - 19 (വിമാനങ്ങളിൽ കടന്നുകൂടിയവർ)
പരിക്കേറ്റവർ - 6000 +
# പിടിവിടാതെ രോഗങ്ങൾ
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശ്വാസകോശ രോഗങ്ങളും ക്യാൻസറും അടക്കം ബാധിച്ച് മരിച്ചവർ 5000 ത്തിലേറെ. വിമാനങ്ങളിൽ നിന്നുള്ള ഇന്ധനവും വിഷ വാതകങ്ങളും കെട്ടിടങ്ങളിലെ പൊടിയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി.
# തിരിച്ചറിയാത്തവർ
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ - 1,878
തിരിച്ചറിഞ്ഞിട്ടില്ലാത്തവർ - 1,099
വിമാന ഇന്ധനത്തിൽ നിന്നുണ്ടായ തീപിടിത്തവും കടുത്ത ചൂടും കെട്ടിടാവശിഷ്ടങ്ങൾ തകർന്നപ്പോഴുണ്ടായ ആഘാതവും മനുഷ്യശരീര ഭാഗങ്ങളെ പൂർണ്ണമായും തകർത്തു. ഡി.എൻ.എ ഘടനയെ നശിപ്പിച്ചു
നിലവിൽ 17,000 ത്തിലേറെ അസ്ഥി ഭാഗങ്ങളിൽ പരിശോധന തുടരുന്നു. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹ ഭാഗങ്ങൾ 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം പരിസരത്തെ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരിക്കുന്നു
# മരണത്തിലേക്ക് വീഴുന്ന
അജ്ഞാത മനുഷ്യൻ
'ദ ഫോളിംഗ് മാൻ ' എന്ന പേരിൽ പ്രശസ്തമായ ചിത്രം. വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് ചാടിരക്ഷപെടാൻ ശ്രമിച്ചയാൾ. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായ റിച്ചാർഡ് ഡ്രൂ പകർത്തിയ ഈ ചിത്രത്തിലെ വ്യക്തി ആരെന്നത് അജ്ഞാതം. 43കാരനായ ജോനാഥൻ ബ്രിലേ ആകാമെന്ന് വിശ്വസിക്കുന്നവരുണ്ട്.
# ജീവൻ രക്ഷിക്കാൻ...
ദുരന്തത്തിന് പിന്നാലെ യു.എസ് വ്യോമപാത പൂർണമായും അടച്ചു. എന്നാൽ ഒരൊറ്റ സിവിലിയൻ വിമാനം മാത്രം പറന്നു. ലോറൻസ് വാൻ സെർട്ടിമ എന്ന പാമ്പുപിടുത്തക്കാരന്റെ ജീവൻ രക്ഷിക്കാൻ കാലിഫോർണിയയിൽ നിന്ന് മയാമിയിലേക്ക് രണ്ട് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ആന്റിവെനവുമായി പറന്ന ജെറ്റായിരുന്നു അത്. ലോകത്തെ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പായ ഇൻലാൻഡ് തായ്പാനാണ് ലോറൻസിനെ കടിച്ചത്. അത്ഭുകരമായി രക്ഷപ്പെട്ട ലോറൻസ് 2024 ൽ 84 -ാം വയസിലാണ് അന്തരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |