SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.57 AM IST

ചതഞ്ഞരഞ്ഞ് ചെന്നൈ

chennai-super-kings

ചെന്നൈ സൂപ്പർ കിംഗ്സിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

ചെന്നൈ സൂപ്പർ കിംഗ്സ് 127ന് ആൾഔട്ട്, രാജസ്ഥാൻ 128/2

15 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച് സീസൺ ആരംഭം അവിസ്മരണീയമാക്കി വൈഭവ് സൂര്യവംശി

ഗോഹട്ടി : ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കുപ്പായത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റം നിരാശാജനകം. തന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ എട്ടു വിക്കറ്റിന് തോറ്റപ്പോൾ സഞ്ജുവിന് നേടാനായത് ഏഴു പന്തിൽ ആറു റൺസ് മാത്രം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 19.4 ഓവറിൽ 127 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 12.1 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു.

അർദ്ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയാണ് (17 പന്തുകളിൽ നാലുഫോറും അഞ്ച് സിക്സുമടക്കം 52 റൺസ്) രാജസ്ഥാന്റെ ചേസിംഗ് ഈസിയാക്കിയത്. സീസണിലെ തന്റെ ആദ്യ മത്സരത്തിൽതന്നെ അർദ്ധസെഞ്ച്വറി നേടിയ വൈഭവ് ഇനിയുള്ള മത്സരങ്ങളിൽ എതിരാളികളുടെ നെഞ്ചിൽ ഭയം നിറയ്ക്കുകയും ചെയ്തു.15 പന്തുകൾ മാത്രമാണ് വൈഭവിന് അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. 38 റൺസുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളും ധ്രുവ് ജുറേലും (18),ക്യാപ്ടൻ റിയാൻ പരാഗും (14 നോട്ടൗട്ട്) രാജസ്ഥാൻ വിജയം ആധികാരികമാക്കി. നാലോവറിൽ 26 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി ചെന്നൈ മുൻനിര ബാറ്റിംഗിന്റെ മുനയൊടിച്ച ദക്ഷിണാഫ്രിക്കൻ പേസർ നാന്ദ്രേ ബർഗറാണ് പ്ളേയർ ഒഫ് ദ മാച്ച്.

നേരത്തേ ആദ്യ ബാറ്റിംഗിനിറങ്ങിയ ഗോഹട്ടിയിൽ ചെന്നൈയെക്കാത്തി​രുന്നത് വലി​യ തകർച്ചയാണ്.19 റൺസ് എടുക്കുന്നതിനിടെ സഞ്ജു(6),ക്യാപ്ടൻ റുതുരാജ് (6), ആയുഷ് മാത്രേ(0) എന്നിവർ പുറത്തായി.പിന്നാലെ മാത്യു ഷോർട്ടും (2), സർഫ്രാസ് ഖാനും (17),ശിവം ദുബെയും (6)കൂടി കൂടാരം കയറിയതോടെ ചെന്നൈ എട്ടോവറിൽ 57/6 എന്ന നിലയിലായി.36 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 43 റൺസടിച്ച ജാമീ ഓവർട്ടണാണ് 127ലെത്തിച്ചത്.

ഏഴുപന്തുകളിൽ ഒരു ഫോറടക്കം ആറുറൺസ് നേടിയ സഞ്ജുവിനെ രണ്ടാം ഓവറിന്റെ അവസാന പന്തിൽ ക്ളീൻ ബൗൾഡാക്കി നാന്ദ്രേ ബർഗറാണ് ചെന്നൈയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. അടുത്ത ഓവറിന്റെ അവസാന പന്തിൽ ആർച്ചർ ഗെയ്ക്ക്‌വാദിന്റേയും കുറ്റി തെറുപ്പിച്ചു.നാലാം ഓവറിന്റെ ആദ്യ പന്തിൽ ബർഗർ ആയുഷ് മാത്രേയെ കീപ്പർ ധ്രുവ് ജുറേലിന്റെ

കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് സർഫ്രാസ് സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും ആറാം ഓവറിൽ സന്ദീപ് ശർമ്മ മാത്യു ഷോർട്ടിനെ യശസ്വിയുടെ കയ്യിലെത്തിച്ചു. എട്ടാം ഓവറിൽ രവീന്ദ്ര ജഡേജ സർഫ്രാസിനെയും ശിവം ദുബെയേയും മടക്കി അയച്ച് ഇരട്ട പ്രഹരം നൽകി. 14.2 കോടിക്ക് ലേലത്തിൽ വാങ്ങിയ കാർത്തിക് ശർമ്മയും (18) നൂർ അഹമ്മദും(1) മാറ്റ് ഹെൻറിയും (5) കൂടി 100 തികയ്ക്കുന്നതിന് മുമ്പ് കൂടാരം കയറിയെങ്കിലും ഒരറ്റത്ത് പിടിച്ചുനിന്ന ജാമീ ഓവർട്ടൺ 18-ാം ഓവറിൽ 100 കടത്തി.

ഇന്നത്തെ മത്സരം

പഞ്ചാബ് കിംഗ്സ് Vs ഗുജറാത്ത് ടൈറ്റാൻസ്

7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ

15 പന്തുകൾ മാത്രമാണ് വൈഭവിന് അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. ഐ.പി.എല്ലിൽ ഒരു രാജസ്ഥാൻ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയാണിത്. 2023ൽ യശസ്വി ജയ്സ്വാൾ 13 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ചിരുന്നു. കെ.എൽ രാഹുലും പാറ്റ് കമ്മിൻസും റൊമാരിയോ ഷെപ്പേഡും ഐ.പി.എല്ലിൽ 14 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയിട്ടുണ്ട്.

ഫസ്റ്റ് ലൈഫ്, പിന്നെ വെടിക്കെട്ട്

നേരിട്ട ആദ്യ പന്തിൽതന്നെ ക്യാച്ച് മിസായതാണ് വൈഭവിന് ഇന്നലെ തുണയായത്. മിഡ് വിക്കറ്റ് ബൗണ്ടറിയിൽ കാർത്തിക് ശർമ്മയാണ് വൈഭവിന് ലൈഫ് നൽകിയത്.

4,6,1,4,1,6,1,1,4,4,0,6,6,6,2,w

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360