SignIn
Kerala Kaumudi Online
Monday, 15 June 2026 3.21 AM IST

ബ്രസീലിന് പിരിമുറുക്കം

world-cup

ആദ്യ മത്സരത്തിൽ മൊറോക്കോയ്ക്ക് എതിരെ സമനിലയുമായി ബ്രസീൽ

ബ്രസീൽ സമനില പിടിച്ചത് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം

മൊറോക്കോ 1- ബ്രസീൽ1

ന്യൂയോർക്ക് : അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് കഴിഞ്ഞ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോ. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ 80663 കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽപ്പോയ ശേഷമാണ് ബ്രസീൽ സമനിലകൊണ്ട് രക്ഷപെട്ടത്. 21-ാം മിനിട്ടിൽ ഇസ്മയീൽ സൈബരിയാണ് മൊറോക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 32-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ തിരിച്ചടിച്ചു.

പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്ത സൂപ്പർ താരം നെയ്മറില്ലാതെയാണ് കളത്തിലിറങ്ങിയ ബ്രസീലിനെ തുടക്കം മുതൽ മൊറോക്കോ ബുദ്ധിമുട്ടിച്ചത് മത്സരത്തിൽ പിരിമുറുക്കം സൃഷ്ടിച്ചു. ആദ്യ ഗോൾ വഴങ്ങിയതോ‌ടെയാണ് ബ്രസീൽ പ്രത്യാക്രമണം ശക്തമാക്കിയത്. ഇതിന്റെ അനുരണനമെന്നോണം വിനീഷ്യസിന്റെ ബൂട്ടിൽ നിന്ന് സമനില ഗോൾ പിറക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ വിജയഗോളിനായി ബ്രസീൽ പലകുറി ശ്രമിച്ചെങ്കിലും പരിചയസമ്പന്നനായ മൊറോക്കൻ ഗോളി യാസീൻ ബോനുവിന്റെ കിടിലൻ സേവുകൾക്കുമുന്നിൽ അതെല്ലാം വിഫലമായി. അവസാനസമയത്ത് മൊറോക്കോയുടെ നീൽ എൽ എയ്നോഹിയുടെ ഒരു ലോംഗ് റേഞ്ചർ ബ്രസീൽ ഗോളി ആലിസണും തട്ടിയകറ്റി.

ഒരു പോയിന്റുവീതം നേടിയ ബ്രസീൽ ബി ഗ്രൂപ്പിൽ രണ്ടാമതും മൊറോക്കോ മൂന്നാമതുമാണ്.അടുത്ത ശനിയാഴ്ച ഹെയ്തിക്ക് എതിരെയാണ് ബ്രസീലിന്റെ രണ്ടാം മത്സരം. മൊറോക്കോ അന്ന് സ്കോട്ട്‌ലാൻഡിനെ നേരിടും.

ഗോളുകൾ ഇങ്ങനെ

1-0

21-ാം മിനിട്ട്

ഇസ്മയീൽ സൈബരി

ബ്രസീലിയൻ താരം ലൂക്കാസ് പക്വേറ്റയുടെ പിഴവിൽ നിന്ന് പിറന്ന ഗോൾ. റോജർ ഇബാനേസിന്റെ ഷോർട്ട് പാസ് നിയന്ത്രിച്ചുനിറുത്തുന്നതിൽ പക്വേറ്റയ്ക്ക് പിഴച്ചു. പന്ത് കിട്ടിയ എൽകാനൂസും മസ്റോയിയും ചേർന്ന് ബ്രാഹിം ഡയസിനെത്തിച്ചു. മദ്ധ്യവരയ്ക്കടുത്തുനിന്ന് ഡയസ് നൽകി പാസുമായി മുന്നോട്ടോടിക്കയറിയ സൈബരി ബോക്സിന് പുറത്തായിരുന്ന ബ്രസീലിയൻ ഗോളി ആലിസന്റെ തലയ്ക്ക് മുകളിലൂടെ ചിപ്പ് പന്ത് വലയ്ക്കകത്താക്കി.

1-1

32-ാം മിനിട്ട്

വിനീഷ്യസ് ജൂനിയർ

ബ്രൂണോ ഗ്വിയ്മെരേസിൽ നിന്ന് കൈമാറിക്കിട്ടിയ പന്തുമായി ലെഫ്റ്റ് ഫ്ളാങ്കലേക്ക് കടന്നുകയറിയ വിനീഷ്യസ് പ്രതിരോധത്തെ വെട്ടിച്ച് വളച്ചടിച്ച ഒരുഗ്രൻ മാരിവിൽ ഷോട്ടിലൂടെയാണ് സമനില നേ‌ടിയെടുത്തത്.

10

ബ്രസീലിനായി വിനീഷ്യസ് നേടിയത് തന്റെ പത്താം ഗോൾ. മൊറോക്കോ കുപ്പായത്തിൽ സൈബരിയുടേയും പത്താം ഗോൾ.

21

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീൽ തോൽവി അറിയാതിരിക്കുന്നത് ഇത് 21-ാം തവണയാണ്. 1934 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയ്നിനിനോട് തോറ്റശേഷമുള്ള 21 ലോകകപ്പുകളിൽ 17 ജയം, നാല് സമനിലകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360