
വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം യാന്നിക്ക് സിന്നറിന്
ഫൈനലിൽ അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ചു
സിന്നറുടെ തുടർച്ചയായ രണ്ടാം വിംബിൾഡൺ കിരീടം
ലണ്ടൻ : ഒന്നരമാസം മുമ്പാണ് റൊളാംഗ് ഗാരോയിലെ കളിമൺ കോർട്ടിൽ നടന്ന ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ യാന്നിക്ക് സിന്നറിന് അർജന്റീനയുടെ സീഡ് ചെയ്യപ്പെടാത്ത താരം സെറുണ്ടലോയോട് അഞ്ച് സെറ്റ് മത്സരത്തിൽ തോറ്റുപുറത്താകേണ്ടിവന്നത്. കഴിഞ്ഞദിവസം വിംബിൾഡൺ ഫൈനലിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ അലക്സാണ്ടർ സ്വരേവിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ മുട്ടുകുത്തിച്ചപ്പോൾ സിന്നറുടെ മുഖത്തുവിരിഞ്ഞ ചിരിക്ക് ഒരു തിരിച്ചുവരവിന്റെ തെളിച്ചമുണ്ടായിരുന്നു.
സ്വരേവിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 6-7(7/9),7-6(7/2),6-3,6-4 എന്ന സ്കോറിനാണ് സിന്നർ കീഴടക്കിയത്.
ആദ്യ രണ്ട് സെറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടതെങ്കിലും ഇടയ്ക്ക് പരിക്കേറ്റത് സ്വരേവിന്റെ നീക്കങ്ങളുടെ വേഗത കുറച്ചു. ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമാണ് സ്വരേവ് മത്സരത്തിൽ പിന്നാക്കം പോയത്. ആദ്യസെറ്റ് 6-6ന് സമനിലയിലായപ്പോൾ നടന്ന ടൈബ്രേക്കറിൽ 9-7നാണ് സ്വരേവ് സെറ്റ് നേടിയത്. രണ്ടാം സെറ്റും സമനിലയിലെത്തിയ പ്പോൾ വീണ്ടും ടൈബ്രേക്കർ വേണ്ടിവന്നു. എന്നാൽ ഇക്കുറി സിന്നറാണ് ടൈബ്രേക്കറിൽ ജയിച്ചത്. ആ താളം നിലനിറുത്തിയ ഇറ്റാലിയൻ താരം അടുത്ത രണ്ടുസെറ്റുകളും ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.
തുടർച്ചയായ രണ്ടാം വർഷമാണ് സിന്നർ വിംബിൾഡൺ ചാമ്പ്യനാകുന്നത്. സിന്നറുടെ അഞ്ചാം ഗ്രാൻസ്ളാം കിരീടമാണിത്.2024,2025 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പണും 2024ൽ യു.എസ് ഓപ്പണും നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |