
ലോഡ്സിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 270 റൺസ് ജയം
ലണ്ടൻ : വിഖ്യാതമായ ലണ്ടനിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ 270 റൺസിന്റെ തകർപ്പൻ ജയം നേടി ഇന്ത്യൻ വനിതകൾ. ഇംഗ്ളണ്ടിനെതിരായ ഏക ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നലെ 457 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിനെ 186 റൺസിന് ആൾഔട്ടാക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും ചരിത്രം കുറിച്ചത്.
മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടിയ സ്മൃതി മാന്ഥന (83), ഹർമൻ പ്രീത് കൗർ(58),ദീപ്തി ശർമ്മ(57) എന്നിവരുടെ അർദ്ധസെഞ്ച്വറി മികവിൽ ഇന്ത്യ 285 റൺസ് നേടിയിരുന്നു.ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സിൽ 170 റൺസിൽ ആൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ മൂന്നാംദിവസം 341/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ 113 റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ യസ്തിക ഭാട്യ ലോഡ്സിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ വനിതയായി. സ്മൃതി രണ്ട് ഇന്നിംഗ്സുകളിലും(83&70) അർദ്ധ സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റുകൾ നേടിയ ഇന്ത്യൻ പേസർ ക്രാന്തി ഗൗഡാണ് പ്ളേയർ ഒഫ് ദ മാച്ച്.
കഴിഞ്ഞ 40 വർഷത്തിനിടെ ഇംഗ്ളണ്ടിൽ കളിച്ച ഒറ്റ വനിതാടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ല. 10 മത്സരങ്ങൾ ,മൂന്ന് ജയങ്ങൾ, ഏഴ് സമനിലകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |