SignIn
Kerala Kaumudi Online
Monday, 09 November 2026 3.17 PM IST

കൊഹ്‌ലിക്കായി സഹതാരങ്ങൾ റൺസ് ത്യജിക്കണോ? ഗില്ലിനും ശ്രേയസിനും മുന്നിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവാസ്‌കർ

virat-kohli
സുനിൽ ഗവാസ്‌കർ, വിരാട് കൊഹ്‌ലി

ന്യൂഡൽഹി: വിരാട് കൊഹ്‌ലിയുടെ 100-ാം അന്താരാഷ്‌ട്ര സെഞ്ച്വറിയെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെ കൊഹ്‌ലിയുടെ വ്യക്തിഗത നേട്ടവും ടീമിന്റെ വിജയവും സംബന്ധിച്ച ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻതാരം സുനിൽ ഗവാസ്‌കർ.

പരമ്പരയിലെ ആദ്യ ഏകദിനത്തിൽ 51 പന്തിൽ 74 റൺസെടുത്ത് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ കൊഹ്‌ലി നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, കൊഹ്‌ലി ക്രീസിൽ തുടർന്നിരുന്നെങ്കിൽ നായകൻ ശുഭ്‌മാൻ ഗില്ലിനും വൈസ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർക്കും വലിയൊരു ആശയക്കുഴപ്പം നേരിടേണ്ടി വരുമായിരുന്നെന്നാണ് ഗവാസ്‌കറുടെ വിലയിരുത്തൽ. 'ടീമിന്റെ വിജയം ഉറപ്പാക്കാൻ വേഗത്തിൽ റൺസ് നേടണോ, അതോ കൊഹ്‌ലിക്ക് സെഞ്ച്വറി നേടാൻ അവസരം നൽകുന്നതിനായി ബാറ്റിംഗിന്റെ വേഗത കുറയ്‌ക്കണോ എന്നതായിരിക്കും അവരുടെ മുന്നിലെ ചോദ്യം'- എന്നാണ് സുനിൽ ഗവാസ്‌കർ മിഡ്‌ ഡേയിലെ തന്റെ പുതിയ ലേഖനത്തിൽ എഴുതിയത്.

ടീമിന്റെ വിജയത്തിനായിരിക്കണം എപ്പോഴും മുൻഗണനയെന്നും എന്നാൽ, കൊഹ്‌ലി 100 അന്താരാഷ്‌ട്ര സെഞ്ച്വറികൾ തികയ്‌ക്കുന്നത് താരത്തിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കാകെ അഭിമാനകരമായ നിമിഷമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റെക്കോർഡുകൾക്ക് ഇന്ത്യൻ ആരാധകർക്ക് എന്നും പ്രത്യേക താൽപര്യാമാണെന്നും ഗവാസ്‌കർ കുറിച്ചു. റെക്കോർഡുകൾ ലക്ഷ്യമിട്ട് കളിക്കുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് പലപ്പോഴും ചർച്ചകൾ ഉണ്ടാകാറുണ്ട്. എന്നാൽ, റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിയില്ലെന്ന് അറിയാവുന്നവരാണ് പലപ്പോഴും അതിനെതിരെ സംസാരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

കൊഹ്‌ലി 100 അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടണമെന്ന് ആഗ്രഹിക്കാത്ത ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ പോലുമുണ്ടാകില്ലെന്നും ഗവാസ്‌കർ പറഞ്ഞു. അതിനായി മറ്റൊരു സഹതാരം സ്വന്തം റൺസ് നേട്ടത്തിൽ വിട്ടുവീഴ്‌ച ചെയ്യേണ്ട സാഹചര്യമുണ്ടായാൽപോലും അതിലൂടെ ലഭിക്കുന്ന അഭിമാനം കൊഹ്‌ലിക്ക് മാത്രമായിരിക്കില്ല, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും കൂടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴ തടസപ്പെടുത്തിയ ആദ്യ ഏകദിനത്തിൽ ഇന്ത്യ 124 റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിൽ നിൽക്കുമ്പോഴാണ് കൊഹ്‌ലി പുറത്തായത്. അപ്പോഴേക്കും വിജയലക്ഷ്യത്തിലെത്താൻ അധിക റൺസ് വേണ്ടിയിരുന്നില്ല. കൊഹ്‌ലി 70 റൺസ്‌ കടന്നപ്പോഴേക്ക് പുറത്തായതോടെ ഗില്ലിനും ശ്രേയസ് അയ്യർക്കും വലിയൊരു പ്രതിസന്ധി ഒഴിവായെന്നും ഗവാസ്‌കർ ചൂണ്ടിക്കാട്ടി. കൊഹ്‌ലി 90 റൺസ് നേടി പുറത്താകാതെ നിൽക്കുമ്പോൾ മറ്റൊരു താരം വിജയിക്കാനുള്ള റൺസ് നേടിയിരുന്നെങ്കിൽ ആ താരത്തിനെതിരെ സോഷ്യൽ മീ‌ഡിയയിൽ വിമർശനങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടായിരുന്നു. ടീമിന്റെ വിജയത്തെ ബാധിക്കാതെ ഒരു പ്രധാന താരത്തിന് വ്യക്തിഗത നേട്ടം സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത് ടീമിനും ഗുണകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദിന ക്രിക്കറ്റിൽ മാത്രം സജീവമായ കൊഹ്‌ലിക്ക് നിലവിൽ 86 അന്താരാഷ്‌ട്ര സെഞ്ച്വറികളാണുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടിയ ഏക താരം സച്ചിൻ ടെണ്ടുൽക്കറാണ്. 2027 ലോകകപ്പിന് ശേഷം കൊഹ്‌ലി വിരമിച്ചേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെ ഈ ചരിത്രനേട്ടത്തിലേക്കെത്താൻ താരത്തിന് മുന്നിൽ സമയം പരിമിതമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ.


English Summary

Sunil Gavaskar says teammates could consider sacrificing runs to help Virat Kohli achieve his 100th international century, provided India's chances of winning are not affected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAT KOHLI, SUNIL GAVASKAR, KOHLI 100 INTERNATIONAL CENTURIES, VIRAT KOHLI CENTURY RECORD, CRICKETNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360