SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.42 AM IST

മാഞ്ചസ്റ്റർ ഡർബിയിൽ വാറിന്റെ പേരിൽ വിവാദം

erling-halland

ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയത് വാർ വിവാദത്തിൽ മുങ്ങി. മത്സരത്തിലെ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡ് ഗോൾ നേടുന്നതിന് മുമ്പ് സഹതാരം എൻസോ ഫെർണാണ്ടസ് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നത് വാർ റഫറി പരിഗണിക്കാതിരുന്നതാണ് വിവാദമായത്. ഗോളനുവദിച്ചത് വാർ പരിശോധനയിൽ സംഭവിച്ച പിഴവാണെന്ന് പ്രൊഫഷണൽ ഗെയിം റഫറീസ് ബോഡി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ 23-ാം മിനിട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിനെ ചവിട്ടിയതിനെ തുടർന്ന് ഫിൽ ഫോഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ സിറ്റി പത്തുപേരായി ചുരുങ്ങി. ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയിൽ ലീഡെടുക്കാനുള്ള ശ്രമത്തിലായിരുന്നു യുണൈറ്റഡ്. എന്നാൽ സിറ്റിയുടെ പ്രതിരോധം മറികടക്കാനായില്ല. 60-ാം മിനിട്ടിൽ ഇടതുവിംഗിൽ നിന്ന് ജോസ്‌കോ ഗ്വാർഡിയോളിന്റെ ക്രോസിലൂടെ ഹാലാൻഡിന്റെ ഗോൾ പിറന്നു. ആദ്യം ഓഫ്‌സൈഡായി കണക്കാക്കി ഗോൾ പിൻവലിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.

ഗ്വാർഡിയോളിന്റെ ക്രോസ്സിൽ എൻസോ ഹെഡറിന് ശ്രമം നടത്തിയിരുന്നു. എന്നാൽ താരത്തിന് ഹെഡർ ചെയ്യാൻ സാധിച്ചില്ല. അതിന് പിന്നാലെയാണ് പന്ത് കിട്ടിയ ഹാളണ്ട് വലകുലുക്കുന്നത്. എൻസോ ഹെഡർ ശ്രമം നടത്തുന്ന വേളയിൽ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. പക്ഷേ വാർ അത് പരിഗണിച്ചില്ല. അതോടെ ഹാളണ്ടിന്റെ പൊസിഷൻ മാത്രം പരിഗണിച്ച് ഗോൾ അനുവദിച്ചു.

എന്നാൽ ഗോൾ അനുവദിച്ചത് വാറിന് സംഭവിച്ച പിഴവാണെന്ന് റഫറിമാരുടെ സമിതിയായ പ്രൊഫഷണൽ ഗെയിം റഫറീസ് തന്നെ അറിയിച്ചു. എൻസോ ഗോളിന് മുൻപായി നടത്തിയ ഇടപെടൽ തിരിച്ചറിഞ്ഞില്ലെന്നും അത് പിഴവാണെന്നും അവർ വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും പ്രസ്താവനയിൽ പ്രൊഫഷണൽ ഗെയിം റഫറീസ് കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ മത്സരശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇത് അനീതിയാണെന്ന് യുണൈറ്റഡ് ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനസ് പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360