കോഴിക്കോട്: ഫുട്‌ബോൾ എഴുത്തുകാരനും കായിക മാദ്ധ്യമപ്രവർത്തകനും കമന്റേറ്ററുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. മലാപ്പറമ്പിലെ വസതിയായ ലൗഡെയിനിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകരിൽ പ്രമുഖനായിരുന്നു. എട്ടു ലോകകപ്പുകളും ഒരു യൂറോകപ്പും നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1982ൽ സ്‌പെയിനിൽ നടന്ന ലോകകപ്പിലൂടെയായിരുന്നു ലോകകപ്പ് റിപ്പോർട്ടിംഗിന് തുടക്കം. 1986ൽ മെക്സിക്കോ, 1990ൽ ഇറ്റലി, 1998ൽ ഫ്രാൻസ്, 2002ൽ കൊറിയ–ജപ്പാൻ, 2006ൽ ജർമനി, 2010ൽ ദക്ഷിണാഫ്രിക്ക, 2014ൽ ബ്രസീൽ ലോകകപ്പുകളും റിപ്പോർട്ട് ചെയ്തു. 2008ലെ യൂറോപ്യൻ നാഷണൽ ചാമ്പ്യൻഷിപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫുട്‌ബോൾ ഇതിഹാസങ്ങളായ പെലെ, ഡീഗോ മറഡോണ തുടങ്ങിയവരെ നേരിൽ കാണാനും അഭിമുഖം നടത്താനും അവരുടെ വിശേഷങ്ങൾ വായനക്കാരിലെത്തിക്കാനും അവസരം ലഭിച്ചു.
1941 മേയ് 10ന് മലാപ്പറമ്പിൽ ചന്തുക്കുട്ടി–ചിരുതക്കുട്ടി ദമ്പതികളുടെ മകനായാണ് ജനനം. എൻജിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷം പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. പി.ഡബ്ല്യു.ഡി.യിൽനിന്ന് വിരമിച്ച ശേഷവും കായിക, സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. സന്തോഷ് ട്രോഫി, നെഹ്രു കപ്പ് അന്താരാഷ്ട്ര ടൂർണമെന്റ്, നാഗ്ജി ട്രോഫി തുടങ്ങിയ മത്സരങ്ങളിലൂടെ ശ്രദ്ധേയനായ ഫുട്‌ബോൾ കമന്റേറ്ററായും അദ്ദേഹം തിളങ്ങി. ഘനഗംഭീരമായ ശബ്ദത്തിലൂടെ കാണികളെ കളിയുടെ ആവേശത്തിലെത്തിച്ച അദ്ദേഹം ആകാശവാണിക്കുവേണ്ടിയും ഫുട്‌ബോൾ കമന്ററി അവതരിപ്പിച്ചു.
നോവലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 'പഠനപാത്രത്തിന്റെ കാമുകി', 'നീലത്തടാകം', 'അമ്പിളിച്ചോല', 'മനസ്സുകൾ സാഗരങ്ങൾ', 'വൃന്ദ', 'സുഷമയുടെ ഒളിമ്പിക് പർവം' എന്നിവയാണ് പ്രധാന നോവലുകൾ. 'ഗോൾഡൻ ഗോൾ', 'ലോകകപ്പ് ഫുട്‌ബോൾ ഒരു ചരിത്ര അവലോകനം' എന്നിവയുൾപ്പെടെ ഫുട്‌ബോളിനെക്കുറിച്ചും പുസ്തകങ്ങൾ രചിച്ചു. 'കോഴിക്കോടിന്റെ കായിക പൈതൃകം' എന്ന പുസ്തകവും ശ്രദ്ധേയമാണ്.
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള യു.എസ്.എ ആസ്ഥാനമായുള്ള സായി മാം ഫൗണ്ടേഷൻ പുരസ്‌കാരം, തിരുവനന്തപുരം സ്‌പോർട്സ് ലവേഴ്സ് അസോസിയേഷന്റെ ബെസ്റ്റ് വേൾഡ് കപ്പ് റിപ്പോർട്ടർ പുരസ്‌കാരം, ദക്ഷിണകൊറിയയിലെ സോളിൽനിന്നുള്ള മികച്ച വിദേശ മാദ്ധ്യമപ്രവർത്തകനുള്ള ബാബ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാർവതി (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ). മക്കൾ: സുധീപ്, പ്രസീത്. മരുമക്കൾ: നിമ്മി, റിങ്കു.
Veteran football writer, sports journalist and commentator Bhasi Malaparamba, 85, has passed away at his residence, Loudain, in Malaparamba. He had been bedridden for a long time due to age-related illnesses. He was among India's most prominent journalists for covering the FIFA World Cup multiple times.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |