SignIn
Kerala Kaumudi Online
Friday, 09 October 2026 1.37 PM IST

കോഹ്‌ലിക്ക് പകരം ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് മറ്റൊരു താരം; ആർസിബിയിൽ നടന്ന വമ്പൻ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തൽ

virat-kohli
വിരാട് കോഹ്‌ലി

ന്യൂഡൽഹി: ഐപിഎല്ലിൽ വിരാട് കോഹ്‌ലിയും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും (ആർസിബി) തമ്മിലുള്ള ബന്ധം ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമാണ്. 2008-ലെ പ്രഥമ സീസൺ മുതൽ ആർസിബിയുടെ ഭാഗമായ കോഹ്‌ലി 2013 മുതൽ 2021വരെ ടീമിനെ നയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, 2025-ൽ രജത് പാട്ടിദാറിന്റെ നായകത്വത്തിലാണ് കോഹ്‌ലി തന്റെ ആദ്യ ഐപിഎൽ കിരീടം ആർസിബിയ്‌ക്കൊപ്പം സ്വന്തമാക്കിയത്. തുടർന്ന് 2026ലും കിരീടം നിലനിർത്തി ആർസിബി ചരിത്രം കുറിച്ചു.

ഐപിഎല്ലിൽ മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിക്കില്ലെന്നും ആർസിബിയ്‌ക്കൊപ്പംതന്നെ തുടരുമെന്നും പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ള താരമാണ് കോഹ്‌ലി. എന്നാൽ, 2019 സീസണിന് മുന്നോടിയായി ആർസിബിയുടെ നായകസ്ഥാനത്തേക്ക് മറ്റൊരു താരത്തെ പരിഗണിച്ചിരുന്നതായുള്ള വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മുൻ വിക്കറ്റ് കീപ്പറായ പാർഥിവ് പട്ടേലിനെയാണ് അന്ന് നായകസ്ഥാനത്തേയ്‌ക്ക് പരിഗണിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് പാർഥിപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഞാൻ ഇതുവരെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ, മൊയീൻ അലി ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അടുത്ത വർഷത്തെ സീസണിൽ നായകസ്ഥാനത്തേക്ക് എന്നെ പരിഗണിക്കുന്നുണ്ടെന്നും തയ്യാറായിരിക്കണമെന്നും പറഞ്ഞിരുന്നു. അന്ന് എന്നെ അക്കാര്യം അറിയിച്ച ആഷിഷ് നെഹ്‌റയെയും ഗാരി കിർസ്റ്റണെയും അടുത്ത സീസണിന് മുൻപ് മാറ്റി. പുതിയ പരിശീലകർ എത്തിയതോടെ ആ സീസണിൽ ഒരു മത്സരത്തിൽപ്പോലും എനിക്ക് കളിക്കാൻ അവസരം ലഭിച്ചില്ല'- പാർഥിവ് പറഞ്ഞു.

ആർസിബിയുടെ മുൻ താരമായ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയും നേരത്തെ സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. 2019 ഐപിഎല്ലിൽ കോഹ്‌ലിയെ നായകസ്ഥാനത്തുനിന്ന് മാറ്റി പാർഥിവ് പട്ടേലിനെ ക്യാപ്‌റ്റനാക്കാൻ ഫ്രാഞ്ചൈസി ആലോചിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.

'പാർഥിവിനെ ആർസിബിയുടെ നായകനാക്കാൻ ആലോചിച്ചിരുന്നു. ഗാരി കിർസ്റ്റൺ പരിശീലകനായിരുന്ന അവസാന വർഷത്തിലായിരുന്നു അത്. ക്രിക്കറ്റിനെക്കുറിച്ച് മികച്ച ധാരണയുള്ള താരമായിരുന്നു അദ്ദേഹം. അക്കാലത്ത് ഇതേക്കുറിച്ച് ചർച്ചകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് എന്ത് സംഭവിച്ചെന്നോ എന്തുകൊണ്ട് ആ തീരുമാനം നടപ്പാക്കാതിരുന്നെന്നോ എനിക്കറിയില്ല. എങ്കിലും നായകസ്ഥാനത്തേയ്‌ക്ക് പാർഥിവിനെ ഗൗരവമായി പരിഗണിച്ചിരുന്നെന്നാണ് എന്റെ വിശ്വാസം'- എന്നാണ് മൊയീൻ സ്‌പോർട്‌സ് തക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

എന്നാൽ, ഈ നീക്കങ്ങളൊന്നും യാഥാർത്ഥ്യമായില്ല. 2019 സീസണിലും കോഹ്‌ലി ആർസിബിയുടെ നായകനായി തുടർ‌ന്നു. 2021 സീസണിനുശേഷമാണ് ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നായകസ്ഥാനം ഒഴിഞ്ഞത്. പിന്നീട് രജത് പാട്ടിദാറിന്റെ നേതൃത്വത്തിൽ നേടിയ ഐപിഎൽ കിരീടം തുടർന്നുള്ള സീസണിൽ ആർസിബി നിലനിർത്തുകയും ചെയ്‌തു. വർഷങ്ങൾക്കുശേഷം പുറത്തുവരുന്ന പാർഥിവിന്റെ വെളിപ്പെടുത്തൽ കോഹ്‌ലിയുടെ ആർസിബി നായകത്വത്തെ ചുറ്റിപ്പറ്റിയുള്ള പഴയ ചർച്ചകൾക്ക് വീണ്ടും വഴിവച്ചിരിക്കുകയാണ്.

English Summary

Parthiv Patel revealed that RCB considered him for captaincy ahead of the 2019 IPL season as a possible replacement for Virat Kohli, but the plan never materialised.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RCB VIRAT KOHLI REPLACEMENT, PARTHIV PATEL RCB CAPTAINCY, RCB, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360