തിരുവനന്തപുരം: സംസ്ഥാന യുവജനകാര്യ, കായിക വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്പോർട്സ് നൈറ്റിൽ പ്രധാന പരിശീലകരെ ഒഴിവാക്കിയതായി പരാതി. ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ച് സ്ഥാനത്ത് നിന്ന് കഴിഞ്ഞയിടെ വിരമിച്ച പി.രാധാകൃഷ്ണൻ നായർ, സഞ്ജു സാംസൺ ഉൾപ്പെടെയുള്ള നിരവധി താരങ്ങളെ വളർത്തിയെടുത്ത ക്രിക്കറ്റ് പരിശീലകൻ ബിജു ജോർജ്, ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ മിന്നും പ്രകടനം നടത്തിയ ഇന്ത്യൻ അമ്പെയ്ത്ത് ടീമിന്റെ ലീഡർ ഡോ. ജോറിസ് പൗലോസ് ഉമ്മാച്ചേരി എന്നിവരെ ഒഴിവാക്കിയെന്നാണ് ആരോപണം.
രാധാകൃഷ്ണൻ നായർ സ്പോർട്സ് നൈറ്റ് പരിപാടിയുടെ തലേദിവസവും തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ ക്ഷണിച്ചില്ലെന്ന് ആരോപിച്ചു. എന്നാൽ രാധാകൃഷ്ണൻ നായരെ അവസാന നിമിഷമാണ് ക്ഷണിച്ചതെന്നും സ്പോർട്സ് നൈറ്റിന്റെ സമയത്ത് തന്നെ മറ്രൊരു പരിപാടിയിൽ പങ്കെടുക്കാൻ നേരത്തേ സമ്മതിച്ചതിനാൽ വരാനാകില്ലെന്ന് അറിയിച്ചെന്നും സ്പോർട്സ് ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു. ബിജു ജോർജിനെയും ഡോ. ജോറിസിനെയും ക്ഷണിച്ചില്ലെന്നാണ് വിവരം.
കായിക ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന സ്പോർട്സ് നൈറ്റ് പരിപാടിൽ വച്ച് ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ കാഷ് അവാർഡുകളും ജി.വി രാജ കായിക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |