രഞ്ജി ട്രോഫിയിൽ കേരള - ജാർഖണ്ഡ് മത്സരം സമനിലയിൽ;
ഒന്നാം ഇന്നിംഗ്സ് ലീഡിലൂടെ ജാർഖണ്ഡിന് 3 പോയിന്റ്
ജംഷഡ്പൂർ: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളവും ജാർഖണ്ഡും തമ്മിലുള്ള
മത്സരം സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ജാർഖണ്ഡിന് മൂന്ന് പോയിന്റ് ലഭിച്ചു. കേരളത്തിന് ലഭിച്ചത് ഒരു പോയിന്റ് മാത്രം.
ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിംഗ്സിനായി ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്ത് നിൽക്കെ ഇരുടീമും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ജാർഖണ്ഡിന്റെ കൂറ്റൻ സ്കോറായ 587 റൺസിനെതിരെ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 395ന് അവസാനിച്ചിരുന്നു.
സ്കോർ: ജാർഖണ്ഡ്: 587/10 , കേരളം: 395/10, 62/2.
269/6 എന്ന നിലയിൽ മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് സൽമാൻ നിസാറും ആദിത്യ സർവാതെയും ചേർന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 353ൽ നിൽക്കെ സൽമാൻ നിസാറിന്റെ വിക്കറ്റ് വീഴ്ത്തി മനീഷി സിംഗ് ഈ കൂട്ടുകെട്ട് പൊളിച്ചു. 43 റൺസാണ് സൽമാൻ നേടിയത്.
തുടന്നെത്തിയവർക്ക് ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. ഏദൻ ആപ്പിൾ ടോം മൂന്ന് റൺസെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ചുനിന്ന ആദിത്യ സർവാതെയും സെഞ്ച്വറിക്ക് അരികെ പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷൾ അവസാനിച്ചു. 14 ബൗണ്ടറികളും ഒരു സിക്സുമടക്കം 95 റൺസെടുത്ത സർവാതെ, ഉത്കർഷ് സിംഗിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ജാർഖണ്ഡിനായി ഉത്കർഷ് സിങ്ങും മനീഷി സിങ്ങും നാല് വിക്കറ്റ് വീതവും മുഹമ്മദ് കുനൈൻ ഖുറേഷി രണ്ട് വിക്കറ്റും വീഴ്ത്തി. ഫോളോൺ ചെയ്യാനിറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലിന്റെ (1) വിക്കറ്ര് തുടക്കത്തിലേ നഷ്ടമായി. ഉത്കർഷിനായിരുന്നു വിക്കറ്ര്. തുടർന്ന് ക്രിസീലൊന്നിച്ച സച്ചിൻ ബേബിയും (37), അഭിഷേക് നായരും (പുറത്താകാതെ 21) 17 ഓവറോളം പിടിച്ചു നിന്നു. 20-ാം ഓവറിലെ മൂന്നാം പന്തിൽ സച്ചിനെ കൗനിയൻ ഖുറൈഷി ക്ലീൻ ബൗൾഡാക്കിയതോടെ ഇരുടീമും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു.
മറ്റ് പ്രമുഖ മത്സരങ്ങളുടെ ഫലം
എലൈറ്ര് ഗ്രൂപ്പ് ബി
കർണാടക-ആന്ധ്ര മത്സരം സമനിലയിൽ
(ഒന്നാം ഇന്നിംഗ്സ് ലീഡുള്ള ആന്ധ്രയ്ക്ക് 3 പോയിന്റ്)
എലൈറ്ര് ഗ്രൂപ്പ് സി
ബംഗാൾ 9 വിക്കറ്റിന് ഡൽഹിയെ തോൽപ്പിച്ചു
ഗുജറാത്ത് 10 വിക്കറ്റിന് ഒഡിഷയെ തോൽപ്പിച്ചു
മഹാരാഷ്ട്ര 127 റൺസിന് സർവീസസിനെ തോൽപ്പിച്ചു
എലൈറ്റ് ഗ്രൂപ്പ് ഡി
മുംബയ് ഇന്നിംഗ്സിനും 155 റൺസിനും ചണ്ഡിഗഡിനെ തോൽപ്പിച്ചു
രാജസ്ഥാൻ - തമിഴ്നാട് മത്സരം സമനിലയിൽ
(ഒന്നാം ഇന്നിംഗ്സ് ലീഡുള്ള രാജസ്ഥാന് 3 പോയിന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |