
തിരവുനന്തപുരം : ഈ സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ ഒഡിഷയെ നേരിടാൻ കേരള ടീം പരിശീലനം തുടങ്ങി. ഞായറാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞവാരം ജംഷഡ്പുരിൽ നടന്ന സീസൺ ഓപ്പണറിൽ കേരളം ജാർഖണ്ഡിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനിലയിലായിരുന്നു. ഒരു പോയിന്റ് മാത്രമാണ് മത്സരത്തിൽ നിന്ന് കേരളത്തിന് ലഭിച്ചത്.
കടുത്ത പോരാട്ടം നടക്കുന്ന എലൈറ്റ് ഗ്രൂപ്പ് സിയിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ കേരളം. സ്വന്തം മണ്ണിൽ ഒഡിഷയ്ക്ക് എതിരെ മുഴുവൻ പോയിന്റും (7) ലഭിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്ന് ഈ സീസണിൽ പരിശീലകനായെത്തിയ മുൻ ഗോവൻ താരം സ്വപ്നിൽ അസ്നോദ്കർ കേരള കൗമുദിയോട് പറഞ്ഞു.
പരിചയസമ്പന്നനായ വിഷ്ണു വിനോദാണ് ഈ മത്സരത്തിലും കേരളത്തെ നയിക്കുന്നത്. പരിചയസമ്പന്നരായ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ,രോഹൻ കുന്നുമ്മൽ, വരുൺ നായനാർ, അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ സർവാതെ എന്നിവർക്കൊപ്പം യുവപേസർ എൻ.പി ബേസിൽ, അഭിജിത് പ്രവീൺ, സ്പിന്നർ വൈശാഖ് ചന്ദ്രൻ തുടങ്ങിയവർ ടീമിലുണ്ട്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി മികച്ച തുടക്കമിട്ട അഭിഷേക് പി. നായർക്കൊപ്പം അണ്ടർ 23 മത്സരത്തിൽ സെഞ്ച്വറി നേടിയെത്തുന്ന അഭിഷേക് ജെ.നായർ കൂടിയാകുമ്പോൾ കേരളത്തിന് കരുത്തേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |