ന്യൂഡൽഹി: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലൂടെ ബിസിസിഐയ്ക്ക് ലഭിക്കുന്നത് കോടികളുടെ വരുമാനം. എന്നാൽ, പരമ്പരയിൽ പങ്കെടുക്കുന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് നേരിട്ട് ഒരു രൂപ പോലും ലഭിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് വെസ്റ്റിൻഡീസിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഡെഹ്റിംഗ്. ഇന്ത്യയിൽ നടക്കുന്ന പരമ്പരയിലൂടെ 20 മുതൽ 30 ദശലക്ഷം ഡോളർ വരെ (ഏകദേശം 189–285 കോടി രൂപ) വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ തുകയുടെ നേരിട്ടുള്ള വിഹിതം വെസ്റ്റിൻഡീസിന് ലഭിക്കുന്നില്ലെന്നാണ് ഡെഹ്റിംഗിന്റെ പരാതി.
പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ക്രിക്കറ്റ് ബോർഡിന് സംപ്രേഷണാവകാശം ഉൾപ്പെടെയുള്ള വരുമാനം നിലനിർത്താൻ കഴിയുന്ന രീതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമൂലം വലിയ വിപണിയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാകുമ്പോൾ വെസ്റ്റിൻഡീസ് പോലുള്ള ചെറിയ ക്രിക്കറ്റ് ബോർഡുകൾക്ക് വരുമാനമുണ്ടാക്കാനുള്ള അവസരങ്ങൾ കുറയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിൽ വിപുലമായ ക്രിക്കറ്റ് ആരാധകവൃന്ദവും വലിയ ടെലിവിഷൻ വിപണിയുമാണ് പരമ്പരകളിൽനിന്ന് ഉയർന്ന വരുമാനം നേടാൻ ബിസിസിഐയെ സഹായിക്കുന്നത്. മറുവശത്ത്, വെസ്റ്റിൻഡീസിന് കീഴിലുള്ള കരീബിയൻ ദ്വീപുകളിലെ ജനസംഖ്യയും വിപണിയും താരതമ്യേന ചെറുതാണ്. അതിനാൽ ഇരുരാജ്യങ്ങളുടെയും വരുമാന ശേഷിയിൽ വലിയ അന്തരമാണുണ്ടാക്കുന്നത്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി താരങ്ങളുടെ പ്രതിഫലത്തെയും ബാധിക്കുന്നുണ്ട്. ഇതോടെ താരങ്ങൾക്കിടയിൽ അതൃപ്തിയും വർദ്ധിച്ചിട്ടുണ്ട്.
ഐസിസിയുടെ ആകെ വരുമാനത്തിൽനിന്ന് വെസ്റ്റിൻഡീസിന് ലഭിക്കുന്ന വിഹിതം ഏകദേശം അഞ്ച് ശതമാനമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇന്ത്യയ്ക്ക് 38 ശതമാനത്തിലധികം വിഹിതം ലഭിക്കുന്നു.
West Indies Cricket Board CEO Chris Dehring disclosed they receive no direct revenue from cricket series hosted in India, despite BCCI earning millions. He criticized the host-nation revenue model, which creates significant financial disparity, impacting CWI player salaries. This system disproportionately benefits the BCCI due to India's vast market.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |