SignIn
Kerala Kaumudi Online
Friday, 16 October 2026 7.58 PM IST

ഭുവിക്ക് അപ്രതീക്ഷിത വിളി,​ പ്രതീക്ഷിച്ചതിലും നേരത്തെ ടീമിൽ; വിൻഡീസിനെതിരായ അവസാന ട്വന്റി-20യിൽ കളിച്ചേക്കും

READ ENGLISH VERSION
bhuvneshwar-kumar
ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാർ

ബംഗളൂരു: ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറിന് ഇന്ത്യൻ ടീമിലേക്ക് അപ്രതീക്ഷിത വിളി‌. ന്യൂസിലൻഡ് പര്യടനത്തിലേക്കുള്ള ട്വന്റി-20 ടീമിൽ ഇടം ലഭിച്ചതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിലാണ് ഭുവിയെ ഉൾപ്പെടുത്തിയത്. നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ നിർണായക മത്സരം.

ബുധനാഴ്ച ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ അർഷ്ദീപ് സിംഗിന് തോളിൽ പരിക്കേറ്റതിനെ തുടർന്ന് പകരക്കാരനായിട്ടാണ് ഭുവിയെ ടീമിൽ ഉൾപ്പെടുത്തിയത്. അർഷ്ദീപ് കളിക്കുമോയെന്ന കാര്യത്തിൽ മത്സരത്തിന് മുമ്പ് തീരുമാനമെടുക്കും. പരിക്കിൽനിന്നുള്ള താരത്തിന്റെ തിരിച്ചുവരവ് വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം, 2022 നവംബറിലാണ് ഭുവി അവസാനമായി ഇന്ത്യയ്ക്കായി ട്വന്റി-20 അന്താരാഷ്ട്ര മത്സരം കളിച്ചത്. ന്യൂസിലൻഡ് പര്യടനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നടത്തുന്നതിനിടെയാണ് ദേശീയ ടീമിൽനിന്ന് വിളിയെത്തിയത്.

2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി നടത്തിയ മികച്ച പ്രകടനമാണ് ഭുവിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകളാണ് താരം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് കുറച്ചുകാലമായി വിട്ടുനിന്നെങ്കിലും ഐപിഎല്ലിലെ പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ന്യൂസിലൻഡ് പര്യടനത്തിലൂടെ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിനു മുമ്പേ അവസരം ലഭിച്ചേക്കും. ഹൈദരാബാദിൽ നടന്ന നാലാം മത്സരത്തിൽ 24 റൺസിന് ജയിച്ച വെസ്റ്റ് ഇൻഡീസ് അഞ്ചുമത്സര പരമ്പരയിൽ ഇന്ത്യയ്‌ക്കൊപ്പമെത്തി. ഇതോടെ പരമ്പര 2-2 എന്ന നിലയിലായി. അവസാന മത്സരത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യയുടെ പുതുക്കിയ ട്വന്റി-20 ടീം

ശ്രേയസ് അയ്യർ (ക്യാപ്ടൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്, നമൻ ധീർ, ഭുവനേശ്വർ കുമാർ.

English Summary

Indian pace bowler Bhuvneshwar Kumar has been unexpectedly recalled to the Indian T20 squad for the final match against West Indies in Bengaluru, replacing an injured Arshdeep Singh. This marks his return to the national team since November 2022, following a strong performance in the 2026 IPL. The five-match series is currently tied 2-2.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHUVANESWAR KUMAR, SPORTS, INDVSWI, CRICKETNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360