SignIn
Kerala Kaumudi Online
Friday, 30 October 2026 2.07 AM IST

അശാന്തിയുടെ അതിർത്തി കടന്ന് വാഹിദ്; കൈകളിൽ ഡിസ്‌കസ്, ഹൃദയത്തിൽ കവിത

speots

കോഴിക്കോട്: തോക്കുകളുടെയും സ്‌ഫോടനങ്ങളുടെയും നടുവിലുള്ള കാശ്മീർ പൂഞ്ചിലെ അതിർത്തി ഗ്രാമത്തിലാണ് സി.എച്ച്. വാഹിദ് അഹമ്മദിന്റെ വീട്. അശാന്തിയുടെ ഭയപ്പാടുകളിൽ നിന്ന് കോഴിക്കോട് കാരന്തൂർ മർക്കസ് എച്ച്.എസ്.എസിലെ പുതിയ ലോകത്തേക്ക് ചിറകുവിടർത്തിയ ഈ ഒമ്പതാംക്ലാസുകാരൻ ആദ്യമായി കായികമേളയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ്.

കവിതയെഴുത്തും ആലാപനവും കൂടി വഴങ്ങുന്ന അപൂർവ പ്രതിഭയാണ് വാഹിദ്. സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് വാഹിദ് മാറ്റുരച്ചത്. മെഡലൊന്നും നേടാനായില്ലെങ്കിലും ഇത്രയും കുട്ടികൾ മാറ്റുരയ്ക്കുന്ന മേളയുടെ ആനന്ദം ഹൃദയത്തിൽ പതിപ്പിച്ചതിന്റെ ത്രില്ലിലാണ് 14കാരൻ. മർക്കസ് സ്‌കൂൾ നടത്തിയ പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയാണ് കഴിഞ്ഞ വർഷം വാഹിദ് കേരളത്തിൽ എത്തിയത്. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ജന്മനാട്ടിൽ കായികമേളകളൊന്നും നടക്കാറില്ല.

ഓപ്പറേഷൻ സിന്ദൂർ നടന്നത് വാഹിദിന്റെ ഗ്രാമത്തിനടുത്തായിരുന്നു. ബോംബ് ശബ്ദം കേട്ടു ശീലിച്ച വാഹിദിന് കേരളത്തെക്കുറിച്ച് നൂറു നാവാണ്. പക്ഷേ പൊള്ളുന്ന ചൂട് വലയ്ക്കുന്നുണ്ട്. സിവിൽ സർവീസാണ് ലക്ഷ്യം. ലോകമറിയുന്ന ഗായകനാകണമെന്നും ആഗ്രഹമുണ്ട്. കോൺട്രാക്ടറായ നിസാർ അഹമ്മദ്-മാജീദാബി എന്നിവരാണ് മാതാപിതാക്കൾ.

കായികമേള കവിതയാകും

സ്വന്തമായി ഉറുദു കവിതകൾ രചിക്കുന്ന വാഹിദ്, കായികമേളയിലെ തന്റെ അനുഭവങ്ങൾ കോർത്തിണക്കി പുതിയൊരു കവിതയുടെ പണിപ്പുരയിലാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അത് അവതരിപ്പിച്ച് സമ്മാനം നേടണമെന്നാണ് ആഗ്രഹം. സബ് ജില്ലാ കലോത്സവത്തിൽ ഉറുദു പദ്യപാരായണത്തിന് പേര് നൽകിയിട്ടുണ്ട്. അതിർത്തിയിലെ വിങ്ങലുകളും കേരളം നൽകിയ സന്തോഷവും ഒത്തുചേരുന്ന വരികൾ കേൾക്കുന്ന ഏവരുടെയും മനസ്സ് നിറയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വാഹിദ്.


പലതരം ബാല്യങ്ങൾ
കളിമൈതാനങ്ങളിൽ
പൂത്തുലയുമ്പോൾ,
പലതരം കുരുന്നുകൾ
ജീവിതയുദ്ധത്തിന്റെ
കളം വരയ്ക്കുന്നു!
എത്ര ഭാഗ്യവാന്മാരാണ്
കേരളത്തിലെ ജനത!
ഓരോ കുട്ടിക്കും
കായികമേളകളോട്
അടങ്ങാത്ത അഭിനിവേശം!
കേരളസർക്കാരിന്റ
കരുതൽ
കുട്ടികളുടെ

നാളേയ്ക്കായാണ്
(മത്സരത്തിൽ പങ്കെടുത്ത ശേഷം വാഹിദ് എഴുതിയ ഉർദു കവിത മലയാളത്തിലേക്ക് മൊഴിമാറ്റിയത്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360