SignIn
Kerala Kaumudi Online
Thursday, 17 September 2026 8.43 PM IST

ബൈ, ബൈ ; ബെയ്ൽ

gareth-bale
gareth bale

ഗാരേത്ത് ബെയ്ൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു

ലോസാഞ്ചലസ് : 33-ാം വയസിൽ അന്താരാഷ്ട്ര - ക്ളബ് ഫുട്ബാളിനോട് വിടചൊല്ലി വെയിൽസിന്റെ ഇതിഹാസതാരം ഗാരേത്ത് ബെയ്ൽ. വെയിൽസിനെ അന്താരാഷ്ട്ര ഫുട്ബാളിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ബെയ്ൽ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെയും ഇംഗ്ളീഷ് ക്ളബുകളായ ടോട്ടൻഹാമിന്റയും നിരവധി പടയോട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ച താരമാണ്. കഴിഞ്ഞ വർഷം റയലിൽ നിന്ന് അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ളബ് ലോസാഞ്ചലസ് ഗാലക്സിയിലേക്ക് ചേക്കേറിയിരുന്ന ബെയ്ൽ അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

വെയിൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്ത താരമാണ് ബെയ്ൽ. 111 മത്സരങ്ങളിൽനിന്ന് 41 ഗോളുകൾ നേടിയ ബെയ്ൽ 2016, 2020 യൂറോ കപ്പുകളിലും 2022 ലോകകപ്പിലും വെയിൽസിനെ നയിച്ചു. 2016- യൂറോ കപ്പിൽ സെമിയിലെത്തി ബെയ്‌ലും സംഘവും ചരിത്രം കുറിച്ചിരുന്നു. 1958 ന് ശേഷം വെയ്ൽസിനെ ലോകകപ്പിലെത്തിച്ച ആദ്യ നായകൻ കൂടിയാണ് ബെയ്ൽ. എന്നാൽ ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി.

ക്ലബ് ഫുട്‌ബാളിൽ സതാംപ്ടണ് വേണ്ടി പന്തുതട്ടിത്തുടങ്ങിയ ബെയ്ൽ ടോട്ടനം വഴിയാണ് റയലിലെത്തിയത്.റയലിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരം ക്ളബ് തലത്തിൽ

ആകെ 554 മത്സരങ്ങൾ കളിച്ച് 186 ഗോളുകൾ നേടി. രണ്ട് വ്യത്യസ്ത ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ വിജയഗോൾ നേടുന്ന ലോകത്തിലെ ഏകതാരം എന്ന റെക്കാഡ് ഇപ്പോഴും ബെയ്‌ലിന്റേതാണ്. അഞ്ച് ചാമ്പ്യൻസ് ലീഗ് നേടിയ ഏക ബ്രിട്ടീഷ് താരം കൂടിയാണ് ബെയ്ൽ.

16 വയസ്സുള്ളപ്പോഴാണ് ബെയ്ൽ ക്ലബ് ഫുട്‌ബോളിലെത്തുന്നത്. സതാംപ്ടണ് വേണ്ടി 2006 ഏപ്രിൽ 17 ന് അരങ്ങേറ്റം നടത്തിയ ബെയ്ൽ 40 മത്സരങ്ങളിൽ നിന്ന് അഞ്ചുഗോളുകൾ നേടി. അവിടെ നിന്നാണ് ടോട്ടനത്തിലേക്ക് ചേക്കേറിയത്. ടോട്ടനത്തിനായി 146 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 42 ഗോളുകൾ നേടി.

ടോട്ടനത്തിൽ നിന്ന് പൊന്നുംവിലയ്ക്കാണ് 2013ൽ റയൽ മാഡ്രിഡ് ബെയ്‌ലിനെ വാങ്ങിയത്. 100 മില്യൺ യൂറോയ്ക്ക് ഒരു ടീം സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു ബെയ്ൽ. 2013 മുതൽ 2022 വരെ മാഡ്രിഡില്‍ തുടർന്നു.റയലിനായി 176 മത്സരങ്ങളിൽ നിന്ന് 81 ഗോളുകളാണ് താരം നേടിയത്. ഇടയ്ക്ക് ടോട്ടനത്തിൽ ലോണിൽ വന്ന് 20 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി. റയലില്‍ ബെയ്ൽ-ബെൻസേമ-ക്രിസ്റ്റിയാനോ എന്ന ബി-ബി-സി ത്രയം എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു. റയലിൽ നിന്ന് അമേരിക്കൻ ഫുട്‌ബാളിലേക്ക് ചേക്കേറി. അവിടെ 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളാണ് നേടിയത്. 17 സീസണിലധികം പന്തുതട്ടി. ഇനി അത് തുടരാനാവില്ല. ജീവിതത്തിലെ അടുത്ത അധ്യായം എന്താണെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും കടുപ്പമേറിയ തീരുമാനമാണിത്. - ഗാരേത്ത് ബെയ്ൽ . ക്ളബ് കരിയർ ഗ്രാഫ് കാലയളവ്, ടീം,മത്സരം,ഗോൾ എന്ന ക്രമത്തിൽ 2006/07 - സതാംപ്ടൺ - 40-5 2007/13 - ടോട്ടൻഹാം- 146-42 2013/22 - റയൽ മാഡ്രിഡ് - 176-81 2020/21 - ടോട്ടൻഹാം(ലോൺ) - 20-11 2022 - ലോസ് ആഞ്ചലസ് - 12-2 2006 മുതൽ 2022 വരെ വെയിൽസ് ടീമിനായി അന്താരാഷ്ട്ര ഫുട്ബാളിൽ കളിച്ചു. 111 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ. 5 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ 4 ക്ളബ് ലോകകപ്പ് കിരീടങ്ങൾ 3 ലാ ലിഗ കിരീടങ്ങൾ 3 യുവേഫ സൂപ്പർ കപ്പ് 3 സ്പാനിഷ് സൂപ്പർ കപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GARETH BALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360