ന്യൂഡൽഹി: ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ‌്‌ക്കായി കളിക്കണമെന്ന ദീർഘകാല സ്വപ്നം ഇനി സഫലമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് റെഡ് ബാൾ ക്രിക്കറ്റിനോട് വിടപറയുന്നതെന്ന് ചാഹൽ വ്യക്തമാക്കി. എന്നാൽ ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ കളി തുടരാനുള്ള ആഗ്രഹം താരത്തിനുണ്ട്. 17 വർഷം നീണ്ട കരിയറിൽ ഇന്ത്യയ്ക്കായി 72 ഏകദിനങ്ങളിലും 80 ട്വന്റി20 മത്സരങ്ങളിലും ചാഹൽ കളിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 മത്സരത്തിലാണ് ചാഹൽ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഏകദിന ക്രിക്കറ്റിൽ 121 വിക്കറ്റും ട്വന്റി-20യിൽ 96 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
'10-ാം വയസിലാണ് ഞാൻ ആദ്യമായി ഒരു ചുവന്ന പന്ത് കൈയിലെടുത്തത്. അന്ന് ഈ കളിയോട് ഇത്രയേറെ പ്രണയത്തിലാകുമെന്ന് അറിയില്ലായിരുന്നു. റെഡ് ബാൾ ക്രിക്കറ്റ് എനിക്ക് വെറുമൊരു ഫോർമാറ്റ് മാത്രമായിരുന്നില്ല. ക്ഷമ, ആത്മവിശ്വാസം, പ്രതിരോധശേഷി എന്നിവ പഠിപ്പിച്ചത് ഈ ഫോർമാറ്റാണ്. മണിക്കൂറുകളോളം മൈതാനത്ത് തുടരാനും ഓരോ റണ്ണിനും വിക്കറ്റിനുമായി പോരാടാനുമുള്ള സന്തോഷവും റെഡ് ബാൾ ക്രിക്കറ്റ് എനിക്ക് നൽകി,' ചാഹൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ലോർഡ്സിൽ നടന്ന അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തോടെയാണ് ചുവന്ന പന്തിനോടുള്ള യാത്ര അവസാനിപ്പിച്ചത്. ടെസ്റ്റ് ക്യാപ് സ്വന്തമാക്കുക എന്നത് എപ്പോഴും തന്റെ സ്വപ്നമായിരുന്നെന്നും അത് സാധിച്ചില്ലെങ്കിലും ഇതുവരെ ലഭിച്ച അവസരങ്ങളിൽ താൻ സംതൃപ്തനാണെന്നും ചാഹൽ പറഞ്ഞു. 2009ൽ ഹരിയാനയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ചാഹൽ 49 മത്സരങ്ങളിൽ നിന്ന് 32.27 ശരാശരിയിൽ 148 വിക്കറ്റുകളാണ് നേടിയത്. 2016–17 രഞ്ജി ട്രോഫി സീസണിലായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ഏഴ് മത്സരങ്ങളിൽ നിന്ന് 33 വിക്കറ്റുകൾ സ്വന്തമാക്കി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചാഹൽ വ്യക്തമാക്കി. 'രാജ്യത്തിനായി കളിക്കാനുള്ള ആഗ്രഹം ഇപ്പോഴും ശക്തമാണ്. എന്റെ ഉള്ളിൽ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നു. ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ വീണ്ടും അവസരം നേടാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും,' ചാഹൽ പറഞ്ഞു. 2024ലെ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ചാഹൽ അംഗമായിരുന്നു. എന്നാൽ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരിൽ ഒരാളായ ചാഹൽ നിലവിൽ പഞ്ചാബ് കിംഗ്സിനായാണ് കളിക്കുന്നത്. ഫസ്റ്റ് ക്ലാസ് കരിയറിലെ അവസാന ഘട്ടത്തിൽ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും ചാഹൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. 2026 കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർതാംപ്ടൺഷെയറിനായി 21 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഹരിയാനയുടെ 2023–24 വിജയ് ഹസാരെ ട്രോഫി കിരീടനേട്ടത്തിലും ചാഹൽ നിർണായക പങ്കുവഹിച്ചു.
Indian leg-spinner Yuzvendra Chahal has retired from first-class cricket, citing his unfulfilled dream of playing Test cricket for India. Chahal, with 49 first-class matches, intends to continue playing ODIs and T20s. His last India appearance was August 2023.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |