
പൊന്നിൽക്കുളിച്ചൊരു ദിനത്തിന് ശേഷം ഇന്നലെ ഇന്ത്യയുടെ മെഡൽ അക്കൗണ്ടിൽ സ്വർണ തിളക്കം ഒഴിഞ്ഞു നിന്നു. എങ്കിലും സെയ്ലിംഗിൽ മലയാളി താരങ്ങളായ മനു ഫ്രാൻസിസ് - പ്രിൻസ് നോബിൾ കുരിശിങ്കൽ സഖ്യവും ഗ്രീക്കോ റോമൻ ഗുസ്തിയിൽ പുരുഷന്മാരുടെ 97 കിലോഗ്രാം വിഭാഗത്തിൽ നിതേഷ് സിവാചും നേടിയ വെള്ളികൾ ഇന്ത്യയ്ക്ക് ആശ്വാസത്തിന് വകയായി. ഇതുകൂടാതെ നാല്് വെങ്കലങ്ങളും ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ചു. ഇതോടെ 10 സ്വർണവും 23 വെള്ളിയും 33 വെങ്കലവും ഉൾപ്പെടെ ആകെ 66 മെഡലുകളുമായി ഇന്ത്യ 8-ാം സ്ഥാനത്ത് തുടരുകയാണ്.
സൂപ്പർ
സെയ്ലിംഗ്
കൈയോ യാച്ച് ഹാർബറിൽ നടന്ന സെയ്ലിംഗ് സ്കിഫ് വിഭാഗം മത്സരത്തിൽ കടുത്ത കാറ്റും കടലിലെ വെല്ലുവിളികളും അതിജീവിച്ചാണ് പുരുഷ വിഭാഗത്തിൽ മലയാളികളും കസിൻസുമായ മനു ഫ്രാൻസിസും -പ്രിൻസ് നോബിൾ കുരിശിങ്കലും വെള്ളി നേടിയത്. ഒമ്പതാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഇരുവരും വെള്ളിയിലേക്കെത്തിയത്. എട്ടാം റേസ് കഴിഞ്ഞപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സഖ്യം, അവസാന റേസിൽ അതിശയിപ്പിക്കുന്ന തിരിച്ചുവരവ് നടത്തി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
ചരിത്രം സിവാച്
ഗ്രീക്കോ റോമൻ ഗുസ്തിയിൽ ചരിത്ര നേട്ടം കുറിച്ചാണ് നിതേഷ് സിവാച് വെള്ളി നേടിയത്. 64 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസ് ഗ്രീക്കോ റോമൻ ഗുസ്തിയിൽ ഫൈനലിൽ എത്തുന്ന ഇന്ത്യൻ താരമാണ് സിവാച്. ഫൈനലിൽ ജപ്പാന്റെ യൂരി നകാസാറ്റോയോട് 0-4 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് നിതേഷിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
നാലിൽ നിന്ന് വെങ്കലത്തിലേക്ക്
സെയ്ലിംഗ് സ്കിഫ് വനിതാ വിഭാഗത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹർഷിത തോമറും ശിതൾ വർമ്മയും ഉൾപ്പെട്ട ഇന്ത്യൻ ടീമിന് മൂന്നാം സ്ഥാനത്തെത്തിയ ചൈനീസ് ടീം നിയമം തെറ്രിച്ചതിന് അയോഗ്യരായതോടെയാണ് വെങ്കലം കിട്ടിയത്.
പുരുഷന്മാരുടെ അമ്പെയ്ത്ത് കോംപൗണ്ട് ഇനത്തിൽ ഗണേഷ് മണിരത്നം വെങ്കലം നേടി. കഴിഞ്ഞ ദിവസം ഈ ഇനത്തിൽ സ്വർണം നേടിയ പുരുഷ ടീമിൽ അംഗമായിരുന്നു ഗണേഷ്.
സ്ക്വാഷിൽ വനിതാ ടീം ഹോങ്കോംഗിനോട് സെമിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വെങ്കലത്തിലൊതുങ്ങി. അനാഹത് സിംഗ്, ജോഷ്ന ചിന്നപ്പ, തൻവി ഖന്ന, ഷമീന റിയാസ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്.
സ്ക്വാഷ് പുരുഷ വിഭാഗത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ഇന്ത്യൻ ടീം ഇത്തവണ സെമിയിൽ മലേഷ്യയോട് പരാജയപ്പെട്ടതോടെ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. അഭയ്,വേലവൻ, വീർ, സൂരജ് എന്നിവരുൾപ്പെട്ട ടീമാണ് വെങ്കലം നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |