കഴിഞ്ഞ ദിവസം നഗോയ നഗരം കാണാനിറങ്ങിയതാണ് ഞാനും ഐ.ഒ.എ ഒഫിഷ്യൽ സംഘത്തിലെ മറ്റു മലയാളികളും. ഒരു കഫേയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കൂട്ടം ജാപ്പനീസ് ചെറുപ്പക്കാരെ പരിചയപ്പെട്ടു. ഗൂഗിൾ ജെമിനിയുള്ളതുകൊണ്ട് ആശയവിനിയം എളുപ്പമായി. ചെറുപ്പക്കാർ ചില്ലറക്കാരല്ല, മെഡിക്കൽ വിദ്യാർത്ഥികളാണ്. ഞങ്ങൾ ഇന്ത്യക്കാരാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ ചോദിച്ചറിയാൻ വലിയ ഉത്സാഹം.
കുശലം പറച്ചിൽ തുടരവേ പയ്യൻമാർ ഞങ്ങളുടെ മുഖത്തേക്ക് സൂക്ഷിച്ചുതന്നെ നോക്കുന്നത് കണ്ടപ്പോൾ ഒരു സന്ദേഹം. നോട്ടം കണ്ട് ഞങ്ങൾ പരുങ്ങിയപ്പോൾ അവർ ചിരിച്ചുകൊണ്ട് പറയുന്നു, പേടിക്കണ്ട നിങ്ങളുടെ മീശയും താടിയും കണ്ട് നോക്കിയതാണെന്ന്. അവർക്ക് താടിയും മീശയും വളരാറേയില്ലത്രേ. ജപ്പാനിലെ ചെറുപ്പക്കാരായ ആണുങ്ങളുടെ ഏറ്റവും വലിയ സങ്കടം താടിയും മീശയും ഇല്ലാത്തതാണെന്നും അവർ പറഞ്ഞു. അപ്പോഴാണ് ഞങ്ങളും ശ്രദ്ധിച്ചത് അവരുടെയെല്ലാം മുഖം നല്ല മുട്ടത്തോടുപോലെ.
താടിയും മീശയും വളരാനുള്ള മരുന്ന് അന്വേഷിച്ച് ചെറുപ്പക്കാർ ആശുപത്രികളിലെത്താറുണ്ടെന്ന് അവർ പറയുന്നു. അലോപ്പതിയിലും ജാപ്പനീസ് പാരമ്പര്യവൈദ്യത്തിലുമുള്ള മരുന്നുകൾകൊണ്ടൊന്നും ഫലമില്ലത്രേ. അക്കൂട്ടത്തിൽ ഒരു ബുദ്ധിമാന്റെ ചോദ്യം, നിങ്ങളുടെ ആയുർവേദത്തിൽ മരുന്നുണ്ടോയെന്ന്.ആയുർവേദത്തിന്റെ കാര്യമെനിക്ക് അറിയില്ലെന്നും എന്നാൽ മീശയും താടിയും വളരാൻ കരടിനെയ്യ് ബെസ്റ്റാണെന്നും ഞാൻ പറഞ്ഞു. അതൊന്ന് പരീക്ഷിച്ചു നോക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവരെങ്ങാൻ വന്നാൽ കരടിനെയ്ക്ക് ഞാനെവിടെപ്പോകുമോ എന്തോ ?
( ഏഷ്യൻ ഗെയിംസിനുള്ള ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യയുടെ നിരീക്ഷകനാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |