കേരള യൂണിവേഴ്സിറ്റിയിൽ ബാഡ്മിന്റൺ ടീം സെലക്ഷൻ നടത്തിയത് നറുക്കെടുപ്പിലൂടെ
തിരുവനന്തപുരം : കളിമികവ് പരിശോധിച്ച് ടീം തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം കേരള യൂണിവേഴ്സിറ്റിയിൽ നറുക്കിട്ട് ടീം സെലക്ഷൻ നടത്തിയെന്ന് പരാതി. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിൽ നടന്ന സൗത്ത്സോൺ ഇന്റർ യൂണി. ബാഡ്മിന്റൺ ഓപ്പൺ സെലക്ഷൻ ട്രയൽസിൽ ഡബിൾസ് കളിക്കാരെ തിരഞ്ഞെടുക്കാനാണ് കേട്ടുകേൾവിയില്ലാത്ത രീതി അരങ്ങേറിയത്.
ഡബിൾസിനായി മൂന്ന് കളിക്കാർ അവശേഷിച്ചപ്പോൾ നറുക്കെടുപ്പിലൂടെ അവരിൽ രണ്ടുപേരെ ടീമിലുൾപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. ഇതോടെ ഡബിൾസ് സ്പെഷ്യലിസ്റ്റായ, റാങ്കിംഗ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന പ്ളേയർക്ക് അവസരം നഷ്ടമായി. ഡബിൾസ് മത്സരങ്ങളിലെല്ലാം കളിച്ചുജയിച്ച ഈ പ്ളേയർ ഉന്നതവിദ്യാഭ്യാസമന്ത്രിക്കും കായികമന്ത്രിക്കും വൈസ് ചാൻസിലർക്കും യൂണി. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും പരാതി നൽകിയിരിക്കുകയാണ്.
കേരള യൂണിവേഴ്സിറ്റിയിൽ വർഷങ്ങളായി സെലക്ഷൻ നടത്തുന്നത് ഒരേ ആളുകളാണെന്നും തങ്ങളുടെ അക്കാഡമികളിലും കോളേജുകളിലുമുള്ളവരെ ടീമിൽ തിരുകിക്കയറ്റുന്നത് പതിവാണെന്നും പരാതികളുണ്ട്. ഇത്തരം സെലക്ഷൻ കൊണ്ടുതന്നെ 2000ത്തിന് ശേഷം സൗത്ത്സോൺ ജയിക്കാൻ കേരള യൂണി. പുരുഷ ടീമിന് കഴിഞ്ഞിട്ടില്ല. വനിതകളിലും വർഷങ്ങളായി സൗത്ത്സോണിൽ തട്ടിവീഴുകയാണ്.
സെലക്ഷനിലെ നറുക്കെടുപ്പിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. മത്സരം നടത്തിയവരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. അനീതി നടന്നിട്ടുണ്ടങ്കിൽ നടപടി സ്വീകരിക്കും.
- കേരള യൂണി. ഫിസിക്കൽ എഡ്യൂക്കേഷൻ
ഡിപ്പാർട്ട്മെന്റ് ഇൻ ചാർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |