SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 PM IST

ബിജെപിയുടെ ബംഗാൾ വിജയത്തിൽ ബംഗ്ളാദേശിന്റെ അഭിനന്ദനം, മൂർഷിദാബാദിൽ ലെനിന്റെ പ്രതിമ തകർത്തു

bangladesh-bjp

ധാക്ക: പശ്ചിമ ബംഗാളിൽ ചരിത്രജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ബംഗ്ലാദേശിലെ ഭരണപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി). ബംഗാൾ,ബംഗ്ലാദേശ് സർക്കാരുകൾ തമ്മിലെ ബന്ധം സൗഹാർദ്ദപരമായി മുന്നോട്ടുപോകുമെന്നും ബംഗാളിലെ രാഷ്ട്രീയ മാറ്റം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്നും ബി.എൻ.പിയുടെ ഇൻഫർമേഷൻ സെക്രട്ടറി അസീസുൾ ബാരീ ഹെലാൽ പറഞ്ഞു. ടീസ്ത നദീജല കരാർ ഇനി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മമത ബാനർജി സർക്കാരാണ് കരാറിന് തടസം നിന്നതെന്നും ഹെലാൽ ആരോപിച്ചു.

ഇതിനിടെ‌ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സംഘർഷത്തിൽ ഇതുവരെ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങളിൽ തൃണമൂലും ബി.ജെ.പിയും പരസ്പരം പഴിചാരി. കൊൽക്കത്തയിൽ ന്യൂടൗണിൽ ചൊവ്വാഴ്ച വൈകിട്ട് ബി.ജെ.പി പ്രവർത്തകൻ മധു മൊണ്ടലും ബിർഭുമിലെ നനൂറിൽ തൃണമൂൽ പ്രവർത്തകൻ അബിർ ഷെയ്ഖും അക്രമത്തിൽ കൊല്ലപ്പെട്ടു. ന്യൂ മാർക്കറ്റിലെ തൃണമൂൽ ഓഫീസ് ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ചൊവ്വാഴ്ച രാത്രി അസൻസോൾ വ്യാവസായിക മേഖലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തൃണമൂൽ ഓഫീസുകൾക്ക് തീയിട്ടിരുന്നു. കൂടാതെ റാണിഗഞ്ച്, ബേൺപൂർ, ബരാബാനി എന്നിവിടങ്ങളിലെ തൃണമൂൽ ഓഫീസുകൾക്ക് കാവി നിറം പൂശിയതായും റിപ്പോർട്ടുണ്ട്.


ടോളിഗഞ്ചിൽ തൃണമൂൽ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ അരൂപ് ബിശ്വാസിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് നശിപ്പിച്ചു. അതിനിടെ, മൂർഷിദാബാദിൽ ബി.ജെ.പി പ്രവർത്തകർ ലെനിൻ പ്രതിമ തകർത്തെന്ന സി.പി.എം പ്രവർത്തകരുടെ പരാതിയിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തിനെതിരെ സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ അകമങ്ങളിൽ പങ്കില്ലെന്നാണ് ബി.ജെ.പി വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, WESTBENGAL, ELECTION 1, BANGLADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360