ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ കറാച്ചി ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ച് ആയുധധാരികളുടെ സംഘം. കറാച്ചി ഡിസ്ട്രിക്റ്റ് വെസ്റ്റ് ഫുട്ബോൾ ടീമാണ് അക്രമത്തിന് ഇരയായത്. സെപ്തംബർ 27ന് വൈകിട്ടോയോടെയായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ ഗോൾഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാനായി കറാച്ചിയിൽ നിന്ന് ക്വറ്റയിലേയ്ക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇരുപത് പേരടങ്ങുന്ന ഫുട്ബോൾ ടീം. മസ്തുംഗിനും സരിയബിനും ഇടയിലുള്ള പാതയിൽവച്ച് പന്ത്രണ്ടോളം വരുന്ന മുഖംമൂടി ധരിച്ച ആയുധധാരി സംഘം ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞുനിർത്തുകയായിരുന്നു.
ടീമംഗങ്ങളെ ബസിൽ നിന്ന് തോക്കുചൂണ്ടി പുറത്തിറക്കിയ ശേഷമായിരുന്നു കവർച്ച. താരങ്ങളുടെയും മറ്റ് ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ, പണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സംഘം തട്ടിയെടുത്തതായാണ് റിപ്പോർട്ട്. ചിലരെ തോക്കിന്റെ പിൻഭാഗംകൊണ്ട് അക്രമികൾ മർദിച്ചതായും ടീം മാനേജർ സുൽഫിക്കർ അലി ഭൂട്ടോ വെളിപ്പെടുത്തി.
കൈവശമുണ്ടായിരുന്ന വസ്തുക്കൾ തട്ടിയെടുത്ത ശേഷം സംഘം പോകാൻ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. തുടർന്ന് കയ്യിൽ ഒരു രൂപപോലുമില്ലാതെ ക്വറ്റയിലെത്തിയ ടീം വിവരം ബലൂചിസ്ഥാൻ കായികമന്ത്രിയെ അറിയിക്കുകയും തുടർന്ന് അദ്ദേഹം അടിയന്തരമായി ഇടപെടുകയുമായിരുന്നു.
സുരക്ഷാഭീഷണിയുള്ളതിനാൽ ക്വറ്റയിലേയ്ക്ക് ബസ് മാർഗമോ ട്രെയിൻ മാർഗമോ യാത്ര ചെയ്യരുതെന്ന് കറാച്ചിയിലെ ഫുട്ബോൾ ക്ലബ്ബുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി സിന്ധ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അസം വ്യക്തമാക്കി. അതിനാലാണ് പഞ്ചാബ്, കെപികെ അസോസിയേഷനുകൾ ടൂർണമെന്റിലേയ്ക്ക് തങ്ങളുടെ ടീമുകളെ അയക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
An armed gang robbed the Karachi District West Football Team at gunpoint on the Balochistan National Highway on September 27. The 20-member team, en route to Quetta for a tournament, had their bus stopped by masked assailants. Mobile phones, money, and valuables were stolen from the players and staff, with some reportedly assaulted during the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |