SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.04 AM IST

മാനഭംഗവും  ആത്മഹത്യയും: വിദ്യാർത്ഥി  പ്രക്ഷോഭം  മുറുകി ലൗലി സർവകലാശാല അടച്ചു, ക്യാമ്പസിൽ 2000  പൊലീസ്

lovely

ന്യൂഡൽഹി: ഹോസ്റ്റലിൽ വിദ്യാർത്ഥിനി മാനഭംഗത്തിനിരയായെന്നും ജീവനൊടുക്കിയെന്നും വാർത്ത പ്രചരിക്കുകയും വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും ചെയ്ത പഞ്ചാബിലെ ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ആംആദ്‌മി പാർട്ടിയിൽ നിന്ന് കൂറുമാറിയ രാജ്യസഭ എം.പി അശോക് കുമാർ മിത്തലിന്റെ ഉടമസ്ഥതയിലുള്ളതാണ് യൂണിവേഴ്സിറ്റി. 2000 ത്തിലധികം പൊലീസുകാർ ക്യാമ്പസിനുള്ളിലടക്കം നിലയുറപ്പിച്ചു. സർവകലാശാല 10 ദിവസത്തേക്ക് അടച്ചു. ക്യാമ്പസിലെ ഇന്റർനെറ്റ് വിച്ഛേദിച്ചു.മിഡ്ടേം പരീക്ഷകൾ മാറ്റിവച്ചു.

5000ത്തോളം മലയാളികൾ പഠിക്കുന്നുണ്ടിവിടെ. അവരടക്കം ഭൂരിപക്ഷം വിദ്യാർത്ഥികളും നാട്ടിലേക്ക് മടങ്ങി.

ക്യാമ്പസിൽ തുടരുന്ന വിദ്യാർത്ഥികൾ ഹോസ്റ്റലുകളും താമസ സ്ഥലങ്ങളും വിട്ട് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ ഉപരോധിച്ച ദേശീയ പാത 44ൽ ഇന്നലെ പുലർച്ചെയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ഞായാറാഴ്ച അർദ്ധരാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശി ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ വിട്ടയച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് വിദ്യാർത്ഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും ഡി.ജി.പി ഗൗരവ് യാദവിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നിർദ്ദേശം നൽകി. സംഭവത്തിൽ പഞ്ചാബ് വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. പുറത്തു നിന്നെത്തിയ ഒരു ജോലിക്കാരൻ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയെന്നും തുടർന്ന് ആത്‌മഹത്യ ചെയ്‌തെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.

സ്ഥിരീകരിക്കാതെ പൊലീസും

സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന വാർത്ത കോളേജ് അധികൃതരോ പൊലീസോ സ്ഥിരീകരിച്ചിട്ടില്ല. മാനഭംഗമുണ്ടായെന്ന് വെളിപ്പെടുത്തിയ വിദ്യാർത്ഥിനിയെ കോളേജ് അധികൃതർ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. വീട്ടിലെത്തിയാണ് ജീവനൊടുക്കിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, അസ്വാഭാവികമായി ഒന്നുമുണ്ടായില്ലെന്ന് മൂന്ന് ഹോസ്റ്റൽ വിദ്യാർത്ഥിനികൾ വിവരിക്കുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നു. രജിസ്ട്രാർ ഡോ. മോണിക്ക ഗുലാട്ടി തങ്ങളെ നിർബന്ധിച്ച് പറയിച്ചതാണതെന്ന വെളിപ്പെടുത്തൽ സർവകലാശാലയെ വെട്ടിലാക്കി.

രാഷ്‌ട്രീയമെന്ന് ബി.ജെ.പി

ആംആദ്‌മി പാർട്ടിയിൽ നിന്ന് കൂറുമാറിയ രാജ്യസഭ എം.പി അശോക് കുമാർ മിത്തലിന്റെ ഉടമസ്ഥതയിലുള്ള സർവകലാശാലയിലുണ്ടായ പ്രശ്‌നം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി ആരോപിച്ചു. അടുത്ത കൊല്ലം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE, LATESTNEWS, LOWLY UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360