ആംസ്റ്റർഡാം: നെതർലൻഡ്‌സിൽ ദയാവധത്തിന് വിധേയനായ ആദ്യ കുട്ടിക്ക് രണ്ട് വയസ് മാത്രമായിരുന്നെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ നെതർലൻഡിൽ ഒരു കുട്ടിയെ ആദ്യമായി ദയാവധത്തിന് വിധേയമാക്കിയത്. അസുഖം ഗുരുതരമായ 12 വയസിൽ താഴെയുള്ള കുട്ടിക്ക് ദയാവധം നൽകിയതായി നെതർലൻഡ്‌സ് ആരോഗ്യമന്ത്രി സോഫി ഹെർമൻസ് ജൂണിൽ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് പുറത്തിറക്കിയ ഔദ്യോഗിക സമിതി റിപ്പോർട്ടിലാണ് മരിക്കുമ്പോൾ കുട്ടിക്ക് 24 മാസമായിരുന്നു പ്രായമെന്ന് വ്യക്തമാക്കിയത്.
ഗർഭകാലത്തിന്റെ 26-ാം ആഴ്‌ചയിലാണ് കുട്ടി ജനിച്ചത്. മാസം തികയാതെയുള്ള ജനനത്തെ തുടർന്ന് കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. മസ്‌തിഷ്‌കത്തിന് വ്യാപകമായ തകരാറും അണുബാധയും സംഭവിച്ചതായാണ് മെഡിക്കൽ സമിതിയുടെ റിപ്പോർട്ടിലുള്ളത്. തുടർന്നുള്ള കാലയളവിലും കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. കുറഞ്ഞ കാലത്തെ ജീവിതത്തിനുള്ളിൽ കുട്ടി അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ അതികഠിനമാണെന്നും ആരോഗ്യനിലയിലൊരു പുരോഗതിയുണ്ടാകില്ലെന്നുമായിരുന്നു മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. സാദ്ധ്യമായ എല്ലാ മാർഗങ്ങളും ചർച്ച ചെയ്‌ത ശേഷമാണ് മാതാപിതാക്കൾ കുട്ടിക്ക് ദയാവധം നൽകണമെന്ന് ഡോക്‌ടറോട് ആവശ്യപ്പെട്ടതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
2002 ഏപ്രിൽ മുതൽ 12 വയസിനു മുകളിലുള്ളവരുടെ ദയാവധം നെതർലൻഡ്‌സിൽ അനുവദനീയമായിരുന്നു. 2024ലാണ് ദയാവധവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നെതർലൻഡ്സ് മാറ്റം വരുത്തിയത്. അതനുസരിച്ച് ഗുരുതര രോഗങ്ങൾക്ക് വിധേയരായ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് കർശന നിബന്ധനകളുടെ അടിസ്ഥാനത്തിൽ ദയാവധം നൽകാം.
The Netherlands has reported its first euthanasia case involving a child under 12. The child was two years old and had severe, irreversible health complications.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |