SignIn
Kerala Kaumudi Online
Wednesday, 10 June 2026 12.50 AM IST

മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന അടുത്ത ദൗത്യം, 'ആർട്ടെമിസ് 3' സംഘത്തെ പ്രഖ്യാപിച്ച് നാസ

artemis-iii-crew

വാഷിംഗ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് പദ്ധതിയുടെ അടുത്ത ഘട്ടമായ 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ. റാൻഡി ബ്രെസ്നിക്, ലൂക്ക പാർമിറ്റാനോ, ആന്ദ്രേ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് മൂന്നാം ദൗത്യ സംഘത്തിൽ നാസ ഉൾപ്പെടുത്തിയിരിക്കുന്നത്. റാൻഡി ബ്രെസ്നിക്കാണ് ദൗത്യ തലവൻ. ഇറ്റലിക്കാരനായ ലൂക്ക പാർമിറ്റാനോയാണ് മിഷൻ പൈലറ്റും ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യ യൂറോപ്യൻ ബഹിരാകാശ സഞ്ചാരിയും. ആദ്യമായി ബഹിരാകാശത്തേക്ക് പറക്കുന്ന യുഎസിലെ മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് ആന്ദ്രേ ഡഗ്ലസ്. ഇത്തവണ വനിതകളെ ഉൾപ്പെടുത്തിയിട്ടില്ല. ബഹിരാകാശത്ത് 371 ദിവസങ്ങൾ തുടർച്ചയായി താമസിച്ച് അമേരിക്കൻ റെക്കാഡ് ഭേദിച്ചയാളാണ് മിഷൻ സ്‌പെഷ്യലിസ്റ്റായ ഫ്രാങ്ക് റൂബിയോ.

2027ൽ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് നടക്കുന്ന പരീക്ഷണ പറക്കലാവും ആർട്ടെമിസ് 3. ഇതേത്തുടർന്ന് 2028ൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് മനുഷ്യനെ എത്തിക്കുന്ന 'ആർട്ടെമിസ് 4' ദൗത്യത്തിന് ഈ പരീക്ഷണങ്ങൾ വഴിയൊരുക്കും. നാസയുടെ എസ്.എൽ.എസ് റോക്കറ്റിലായിരിക്കും 'ഓറിയോൺ' പേടകത്തിൽ നാലംഗ സംഘം ബഹിരാകാശത്തേക്ക് കുതിക്കുക. അമേരിക്കൻ വാണിജ്യ കമ്പനികളായ എലോൺ മസ്‌കിന്റെ 'സ്‌പേസ് എക്സ്' ജെഫ് ബെസോസിന്റെ 'ബ്ലൂ ഒറിജിൻ' എന്നിവർ വികസിപ്പിക്കുന്ന ചാന്ദ്ര ലാൻഡറുകളുമായി ഓറിയോൺ പേടകം ബഹിരാകാശത്ത് വച്ച് ഡോക്കിംഗ് നടത്തുന്നതാണ് ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണം.


കഴിഞ്ഞ ഏപ്രിലിൽ വിജയകരമായി പൂർത്തിയാക്കിയ 'ആർട്ടെമിസ് 2' ദൗത്യത്തിന്റെ തുടർച്ചയാണിത്. ഏകദേശം രണ്ട് ആഴ്ചയോളം നീണ്ടുനിൽക്കുന്നതാണ് പുതിയ ദൗത്യം. ആദ്യം വിക്ഷേപിക്കുന്ന ബ്ലൂ ഒറിജിൻ ലാൻഡറുമായി ഓറിയോൺ പേടകം ബഹിരാകാശത്ത് വച്ച് രണ്ട് ദിവസം ഘടിപ്പിച്ചു നിർത്തുകയും സഞ്ചാരികൾ ഇതിലേക്ക് പ്രവേശിക്കുകയും ചെയ്യും. അതിനുശേഷം ഇതിൽ നിന്ന് വേർപെട്ട്, സ്‌പേസ് എക്സിന്റെ സ്റ്റാർഷിപ്പ് ലാൻഡറുമായി ഒരു ദിവസം ഘടിപ്പിച്ചു നിർത്തി സോഫ്റ്റ്‌വെയറുകളും ആശയവിനിമയ സംവിധാനങ്ങളും പരിശോധിക്കും. പരീക്ഷണങ്ങൾക്ക് ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന രീതിയിലാണ് ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, ARTEMIS, ARTEMIS 3, NASA, MOON MISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360