കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മൂന്നുദിവസമായി കുടുങ്ങിയ ആറുവയസുകാരിയെ രക്ഷപ്പെടുത്തി. റസുവ ജില്ലയിലെ തിമുരെ ഗ്രാമത്തിൽ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. മണ്ണിനടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഭോട്ടേ കോഷി നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായവർക്ക് വേണ്ടി തെരച്ചിൽ നടത്തവേ സായുധ പൊലീസ് സംഘത്തിനാണ് കുട്ടിയെ ലഭിച്ചത്.
ചെളികൾക്കിടയിൽ നിന്ന് കുട്ടിയുടെ നിലവിളി കേൾക്കുകയായിരുന്നു. തുടർന്ന് അവശിഷ്ടങ്ങൾ ശ്രദ്ധയോടെ മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലേക്ക് മാറ്റി. കുട്ടിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി ഇന്ന് അഞ്ചാം ദിവസം എത്തുമ്പോഴും 3000ൽപ്പരം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. 704 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മരണസംഖ്യ വർദ്ധിച്ചേക്കും. എട്ടു മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാനസസരോവർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ ഉൾപ്പെടെ 128 ഇന്ത്യൻ വംശജരും കാണാമറയത്താണ്.
വൈദ്യുത പദ്ധതി പ്രദേശങ്ങളിൽ ജോലി ചെയ്‌തിരുന്ന 933 ജോലിക്കാരെയും കണ്ടെത്തേണ്ടതുണ്ട്. ത്രിശൂലി വൈദ്യുതപദ്ധതി മേഖലയിലെ തുരങ്കത്തിൽ കൂടുതൽ ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. തുരങ്ക രക്ഷാപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള രണ്ടു സംഘങ്ങൾ ഇന്ത്യയിൽ നിന്നെത്തി തെരച്ചിൽ ആരംഭിച്ചു.
A six-year-old girl was rescued after being trapped under the debris of a flash flood in Nepal for three days. Armed Police Force personnel found her in Timure village of Rasuwa district after hearing her cries from beneath the mud and debris. She was given first aid and airlifted to Kathmandu for further treatment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |