
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ചവേറാക്രമണം. 21 പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വയിലെ പൊലീസ് ലൈൻസ് കോംപ്ലക്സിലെ മസ്ജിദിൽ ഇന്നലെ വൈകിട്ടാണ് സ്ഫോടനമുണ്ടായത്.
സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് ലൈൻസിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൊട്ടിത്തെറിയിൽ പള്ളിയുടെ ഒരുഭാഗം തകർന്നു. സമീപത്തെ കടകൾക്കും വീടുകൾക്കും കേടുപാടുണ്ടാകുകയും പള്ളിക്കു പുറത്തുള്ള റോഡിന്റെ ഭാഗത്ത് ഗർത്തമുണ്ടാകുകയും ചെയ്തു. അതേസമയം, സ്‌ഫോടനത്തിനു പിന്നാലെ പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച രണ്ട് ആയുധധാരികളായ അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. കൊല്ലപ്പെട്ടവരിൽ 10 പൊലീസുകാരും 10 പ്രദേശവാസികളുമാണ്. ഒരു അക്രമിയെ വധിച്ചതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. സ്ഥലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷ മുൻനിറുത്തി സ്‌ഫോടനം നടന്ന പ്രദേശത്തെ റോഡുകൾ പൊലീസ് അടച്ചു. അക്രമത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരിം കുന്ദിയും അപലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |