SignIn
Kerala Kaumudi Online
Saturday, 19 September 2026 2.09 AM IST

എൻ.ടി.എയ്ക്ക് സുപ്രീംകോടതി മുന്നറിയിപ്പ്, നന്നായില്ലെങ്കിൽ നേരിട്ടെത്തും ഉന്നതാധികാര സമിതി ശുപാർശ നടപ്പാക്കണം എല്ലാം ഡെപ്യൂട്ടഷൻ പറ്റില്ല 

READ ENGLISH VERSION
supreme-court


സ്ഥിരം സംവിധാനവും ജീവനക്കാരും വേണം
തുടർച്ചയായി വിലയിരുത്തും

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകളിലെ പുരോഗതി പരിശോധിക്കാൻ എൻ.ടി.എ ആസ്ഥാനത്തേക്ക് ജസ്റ്റിസുമാർ നേരിട്ടെത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ്. പരീക്ഷാനടത്തിപ്പിൽ നാണംകെട്ടു നിൽക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) അടിമുടി ഉടച്ചുവാർക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെ‌ഞ്ച് വ്യക്തമാക്കി.

ഘടനാപരമായ മാറ്റം അനിവാര്യം. സ്ഥിരം സംവിധാനവും സ്ഥിരം ജീവനക്കാരും വേണം. ഡെപ്യൂട്ടേഷൻ നിയമനം പ്രോത്സാഹിപ്പിക്കാനാകില്ല. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കേണ്ടത് പ്രധാനമാണ്. എത്രത്തോളം നടപ്പാക്കിയെന്ന് കേന്ദ്രം അറിയിക്കണം. ഘട്ടംഘട്ടമായാണോ നടപ്പാക്കുന്നത്?

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി അദ്ധ്യക്ഷനായ മറ്റൊരു ഉന്നതാധികാര സമിതിയുടെ പ്രവർത്തനം എന്തായി?​ ഇതുവരെയുള്ള പ്രവർത്തനത്തെക്കുറിച്ച് കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് ജോയിന്റ് സെക്രട്ടറി മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. കോടതി വെബ്സൈറ്റിലും സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യണം. അതുവഴി എല്ലാ കക്ഷികൾക്കും പരിശോധിക്കാം. ജനങ്ങൾക്ക് നിർദ്ദേശങ്ങൾ അയയ്ക്കാൻ എൻ.ടി.എ പ്രത്യേക ഇ- മെയിലുണ്ടാക്കണം. നടപടികളിലെ പുരോഗതി തുടർച്ചയായി വിലയിരുത്തും. എൻ.ടി.എ ഉടച്ചുവാർക്കണമെന്ന ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നാലാഴ്ചയ്‌ക്കു ശേഷം വീണ്ടും പരിഗണിക്കും.

അരലക്ഷം ചതുരശ്രയടി

കെട്ടിടം; സൂക്ഷ്മ സുരക്ഷ

55,521 ചതുരശ്രയടിയുള്ളതാണ് ഡൽഹി മിന്റോ റോഡിലെ പുതിയ സ്ഥിരം ആസ്ഥാനമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 40ഓളം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഒരേസമയം കാവലുണ്ടാവും. എക്‌സ് റേ സ്‌ക്രീനിംഗ്,​ മെറ്റൽ ഡിറ്റക്‌ടറ്ററുകൾ എന്നിവയൊരുക്കി. സെക്രട്ടറി തല ഉദ്യോഗസ്ഥനെ ഡയറക്‌ടർ ജനറലായി നിയമിച്ചു. ഐ.എ.എസ്, ഐ.പി.എസ്,​ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയും ഭരണസംവിധാനത്തിൽ ഉൾപ്പെടുത്തി.

നിലേകനി ഇടക്കാല

റിപ്പോർട്ട് ഈമാസം

1.നന്ദൻ നിലേകനി സമിതിയുടെ ആദ്യ ഇടക്കാല റിപ്പോർട്ട് ഈമാസം അവസാനം പ്രതീക്ഷിക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. രാധാകൃഷ്‌ണൻ സമിതിയുമായും നന്ദൻ നിലേകനി സമിതി ആശയവിനിമയം നടത്തി

2.നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച സി.ജെ.പിയുടെ വൻ പ്രക്ഷോഭത്തിനും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും ഇടയാക്കിയിരുന്നു. പുനഃപരീക്ഷ നടത്തേണ്ടിവന്നതും ഇരുപതിൽപ്പരം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതും കോളിളക്കം സൃഷ്ടിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360