SignIn
Kerala Kaumudi Online
Saturday, 19 September 2026 11.01 PM IST

പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങൾക്ക് അഫ്‌ഗാനിസ്ഥാനെ പഴിചാരരുത് ; പാക് അധികൃതർക്ക് മുന്നറിയിപ്പുമായി താലിബാൻ

-zabihullah-mujahid
താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്

കാബൂൾ: പാകിസ്ഥാനിലെ ആഭ്യന്തര കലാപങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും അഫ്ഗാനിസ്ഥാനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്. പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ അവിടുത്തെ തന്നെ ആഭ്യന്തര കാര്യമാണെന്നും അതിന് അഫ്ഗാനിസ്ഥാനെ ഉത്തരവാദിയാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. അൽ അറേബിയ ഇംഗ്ലീഷിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുജാഹിദിന്റെ പ്രതികരണം.

പാകിസ്ഥാനിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സമാധാനാന്തരീക്ഷം തകർന്നിട്ടുണ്ടെന്നും തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടി.ടി.പി), ബലൂച് സംഘടനകൾ തുടങ്ങിയ ആഭ്യന്തര ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാൻ മണ്ണിൽ നിന്ന് പാകിസ്ഥാന് ദോഷം വരുത്തുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ, ആ വിവരം പങ്കുവയ്ക്കാനും പ്രശ്നം പരിഹരിക്കാൻ താലിബാനുമായി സഹകരിക്കാനും അദ്ദേഹം പാക് സർക്കാരിനോട് ആവശ്യപ്പെട്ടു. തങ്ങളുടെ രാജ്യത്തിന്റെ അതിർത്തി പൂർണമായും താലിബാന്റെ നിയന്ത്രണത്തിലാണെന്നും അഫ്ഗാനിൽ നിന്ന് അത്തരത്തിലുള്ള യാതൊരുവിധ നീക്കങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ആത്മരക്ഷയുടെ പേരിൽ അഫ്ഗാൻ അതിർത്തിക്കുള്ളിൽ കടന്ന് സൈനിക നടപടികൾ നടത്തരുതെന്ന് പാകിസ്ഥാന് താലിബാൻ ശക്തമായ മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ സൈന്യം അഫ്ഗാൻ മണ്ണിലേക്ക് പ്രവേശിക്കുകയോ സൈനിക നീക്കം നടത്തുകയോ ചെയ്താൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ശക്തമായി തിരിച്ചടിക്കുമെന്നും മുജാഹിദ് മുന്നറിയിപ്പ് നൽകി.

ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ സൗദി അറേബ്യ മദ്ധ്യസ്ഥത വഹിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു. റിയാദുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായും അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിലും പ്രാദേശിക സമാധാന ശ്രമങ്ങളിലും സൗദിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെയും ഇരു രാജ്യങ്ങൾക്കുമിടയിൽ സൗദി അറേബ്യ മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അതിർത്തി സംഘർഷത്തിനിടയിൽ താലിബാൻ പിടികൂടിയ മൂന്ന് പാക് സൈനികരെ സൗദി മദ്ധ്യസ്ഥതയെ തുടർന്നാണ് മോചിപ്പിച്ചത്.

താലിബാൻ ടി.ടി.പി അംഗങ്ങൾക്ക് അഫ്ഗാനിൽ അഭയം നൽകുന്നുവെന്നും പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്താൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കുന്നുവെന്നുമാണ് പാകിസ്ഥാൻ നിരന്തരം ഉന്നയിക്കുന്ന ആരോപണം. എന്നാൽ താലിബാൻ ഈ വാദങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. അഫ്ഗാൻ മണ്ണ് മറ്റൊരു രാജ്യത്തിനും എതിരായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നതാണ് തങ്ങളുടെ നയമെന്നും മുജാഹിദ് വ്യക്തമാക്കി.

English Summary

Taliban spokesman Zabihullah Mujahid firmly dismissed Pakistan's claims blaming Afghanistan for its internal unrest, stating that Pakistan's security challenges stem from long-standing domestic groups like the TTP and Baloch organizations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KABUL, LATESTNEWS, TALIBAN, PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360