SignIn
Kerala Kaumudi Online
Friday, 18 September 2026 5.01 PM IST

കുട്ടികളുടെ ക്യാൻസർ ചികിത്സയിൽ നിർണായക നീക്കം; 12 അവശ്യ മരുന്നുകളുടെ ലഭ്യത എളുപ്പമാക്കാൻ ലോകാരോഗ്യ സംഘടന

-childhood-cancer-
പ്രതീകാത്മക ചിത്രം

ജനീവ: കുട്ടികളിലെ ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന 12 അവശ്യ മരുന്നുകളുടെ ലഭ്യത ആഗോളതലത്തിൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിയുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). കുട്ടികൾക്ക് കൂടുതൽ അനുയോജ്യമായ രീതിയിലുള്ള മരുന്നുകളും സ്ഥിരമായ വിതരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം. കുട്ടികളിലെ ക്യാൻസർ മരുന്നുകളുടെ നിർമ്മാതാക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ലോകാരോഗ്യ സംഘടനയുടെ പ്രീ ക്വാളിഫിക്കേഷൻ പ്രോഗ്രാം വഴി പരിശോധനയ്ക്കായി സമർപ്പിക്കാനുള്ള പുതിയ സംവിധാനത്തിനാണ് തുടക്കം കുറിച്ചത്.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ കുട്ടികളിലെ കാൻസർ അതിജീവന നിരക്ക് 80 ശതമാനത്തിന് മുകളിലാണെങ്കിൽ വിഭവങ്ങൾ പരിമിതമായ രാജ്യങ്ങളിൽ ഇത് വളരെ കുറവാണ്. ഈ അന്തരം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 12 അവശ്യ മരുന്നുകളെയാണ് നടപടിക്കായി പരിഗണിച്ചിരിക്കുന്നത്. ഇതിൽ ആറ് മരുന്നുകൾക്ക് കുട്ടികൾക്ക് കൂടുതൽ അനുയോജ്യമായ ഫോർമുലേഷനുകൾ ആവശ്യമാണ്. മറ്റ് ആറ് മരുന്നുകൾ നിലവിൽ ഉപയോഗിക്കുന്നവയാണെങ്കിലും ലഭ്യത, വിതരണം, ഫോർമുലേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവയാണ്.

മരുന്നുകൾ കുട്ടികൾക്ക് എളുപ്പത്തിൽ കഴിക്കാനും സുരക്ഷിതമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിർമ്മിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഡിസ്പേഴ്സിബിൾ ഗുളികകൾ, വായിൽ ലയിക്കുന്ന മിനി ടാബ്‌ലെറ്റുകൾ തുടങ്ങിയ ഫോർമുലേഷനുകളും ഇതിൽ ഉൾപ്പെടുന്നു. ലോകത്ത് പ്രതിവർഷം ഏകദേശം നാല് ലക്ഷം കുട്ടികൾക്കും കൗമാരക്കാർക്കും ക്യാൻസർ ബാധിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതിൽ ഏകദേശം 90 ശതമാനം പേരും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. ഇത്തരം രാജ്യങ്ങളിൽ പലപ്പോഴും കുട്ടികളിലെ ക്യാൻസർ അതിജീവന നിരക്ക് 30 ശതമാനത്തിൽ താഴെയാണ്. അതേസമയം, ഉയർന്ന വരുമാനമുള്ള പല രാജ്യങ്ങളിലും ഇത് 80 ശതമാനത്തിലധികമാണ്.

ഗുണനിലവാരം ഉറപ്പാക്കിയ മരുന്നുകളുടെ പരിമിതമായ ലഭ്യതയും കുട്ടികൾക്ക് അനുയോജ്യമായ രൂപത്തിലുള്ള മരുന്നുകളുടെ കുറവുമാണ് ഈ വ്യത്യാസത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന്. നിർമ്മാതാക്കൾക്ക് മരുന്നുകൾ പരിശോധനയ്ക്കായി സമർപ്പിക്കാനുള്ള മികച്ച അവസരമാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ നൽകുന്നത്. ഡബ്ല്യു.എച്ച്.ഒയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന മരുന്നുകൾക്കാണ് പിന്നീട് പ്രീക്വാളിഫിക്കേഷൻ ലഭിക്കുക.

English Summary

The World Health Organization (WHO) has launched a new initiative to enhance the global availability of 12 essential cancer medicines for children. This program encourages manufacturers to submit their products for WHO's pre-qualification, ensuring child-friendly formulations and consistent supply. The aim is to bridge the significant survival rate disparity between high-income and resource-limited countries, where childhood cancer survival is often below 30%.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHO, CHILDHOOD CANCER MEDICINES, CANCER TREATMENT FOR CHILDREN, 12 CANCER MEDICINES, WHO PREQUALIFICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360