SignIn
Kerala Kaumudi Online
Monday, 13 July 2026 12.11 AM IST

സ്വയം തീകൊളുത്തി പ്രതിഷേധം, 'ജെൻസി' സമരത്തിൽ വീണ്ടും ഇളകി നേപ്പാൾ; ചേരി ഒഴിപ്പിക്കലിനെതിരെ വൻ ജനകീയ പ്രക്ഷോഭം

nepal-police
നേപ്പാൾ പൊലീസുമായി ഏറ്റുമുട്ടുന്ന ജെൻ-സി പ്രക്ഷോഭകർ

കാഠ്മണ്ഡു: പുനരധിവാസ പദ്ധതികളില്ലാതെ ചേരിവാസികളെ ഒഴിപ്പിച്ച നേപ്പാൾ സർക്കാരിന്റെ നടപടിക്കെതിരെ വൻ ജനകീയ പ്രക്ഷോഭം. കഴിഞ്ഞ വർഷത്തെ യുവജന പ്രക്ഷോഭത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി ബാലെൻ ഷാ ജനങ്ങളിൽ നിന്ന് നേരിടുന്ന ആദ്യത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണിത്. കാഠ്മണ്ഡു പൊലീസിന്റെ നടപടിക്കെതിരെ കുറച്ചു ദിവസങ്ങളായി നടക്കുന്ന സമരം യുവാക്കൾ ഏറ്റെടുത്തതോടെ ശക്തമായി.

ഭൂരഹിതരെ ഒഴുപ്പിച്ച് താല്ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും, അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെയാണ് യുവാക്കൾ രംഗത്തിറങ്ങിയത്. ക്യാമ്പുകളിലെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച മാദ്ധ്യമപ്രവർത്തകരെയും വിദ്യാർത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തതോടെ, പ്രതിഷേധം തലസ്ഥാനമായ കാഠ്മണ്ഡുവിന് പുറത്തേക്കും വ്യാപിച്ചു.

ജോയിന്റ് നാഷണൽ സ്‌ക്വാട്ടേഴ്സ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കാഠ്മണ്ഡുവിലെ സർക്കാർ ഓഫീസിന് മുന്നിലാണ് ഇന്ന് പ്രതിഷേധം നടന്നത്. പാവപ്പെട്ടവരോടുള്ള ക്രൂരത അവസാനിപ്പിക്കുക, മനുഷ്യാവകാശം സംരക്ഷിക്കുക, അന്യായമായ അറസ്റ്റുകൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച കാഠ്മണ്ഡുവിലെ താൽക്കാലിക പുനരധിവാസ ക്യാമ്പിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് 150ഓളം പേരെ സുരക്ഷാ സേന മാറ്റിപ്പാർപ്പിച്ചിരുന്നു. ഇവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്താനെത്തിയ യുവജന പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ ഒരു പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച നേപ്പാളി കോൺഗ്രസ് അദ്ധ്യക്ഷൻ ഗഗൻ കുമാർ ഥാപ്പ, അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ തലസ്ഥാനത്തുനിന്നും 206 കിലോമീറ്റർ അകലെയുള്ള കോശി പ്രവിശ്യയിൽ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കാഠ്മണ്ഡുവിലും മറ്റ് പ്രദേശങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. 15,000ത്തോളം ആളുകൾ താമസിക്കുന്ന 2,600ലധികം കുടുംബങ്ങളുടെ വീടുകളാണ് അധികൃതർ പൊളിച്ചുനീക്കിയത്. ഇതിൽ 325 കുടുംബങ്ങൾ വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. ജൂലായ് ആറിനുള്ളിൽ ഈ ക്യാമ്പുകൾ ഒഴിഞ്ഞുപോവണമെന്ന സർക്കാർ ഉത്തരവ് വന്നതോടെയാണ് പ്രതിഷേധം ആളികത്തിയത്. തങ്ങൾക്ക് പോകാൻ മറ്റ് ഇടങ്ങളില്ലെന്ന് കാണിച്ച് 60ഓളം കുടുംബങ്ങൾ ക്യാമ്പ് ഒഴിയാൻ വിസമ്മതിച്ചു.

യുവതലമുറയുടെയും സോഷ്യൽ മീഡിയയുടെയും പിന്തുണയോടെ അധികാരത്തിലെത്തിയ ബാലെൻ ഷാക്ക്, പുതിയ 'ജെൻസി' സമരം വലിയ തലവേദനയാകുന്നുണ്ട്. ടൈം മാഗസിന്റെ 2023 ലെ വളർന്നുവരുന്ന 100 മികച്ച നേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച ബാലെൻ ഷാ, കാഠ്മണ്ഡുവിൽ നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL PROTEST, GENZ, BALEN SHAH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360