
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം വരിഞ്ഞുമുറുകുന്നതിനിടെ, വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം. ചൊവ്വാഴ്ച രാത്രി മക്കയെ ലക്ഷ്യമാക്കിയ ഹൂതി ഡ്രോൺ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സൗദിയും യെമനിലെ ഹൂതി വിമതരും തമ്മിലെ വ്യോമാക്രമണങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂക്ഷമായ പശ്ചാത്തലത്തിലാണിത്.
ഡ്രോൺ മക്കയ്ക്ക് മുകളിലെ നിരോധിത വ്യോമ മേഖലയിൽ പ്രവേശിക്കുംമുന്നേ തകർത്തെന്ന് സൗദി വ്യക്തമാക്കി. ഭീഷണിയെ തുടർന്ന് മക്ക, ജിദ്ദ, തൈഫ് എന്നിവിടങ്ങളിൽ അധികാരികൾ അപായ സൈറണുകൾ ആക്ടിവേറ്റ് ചെയ്തതും സുരക്ഷാ അലർട്ടുകൾ പുറപ്പെടുവിച്ചതും ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. വൈകാതെ അവ പിൻവലിച്ചു.
ലക്ഷക്കണക്കിന് ഇസ്ലാം തീർത്ഥാടകരുടെ സുരക്ഷയെ മുൾമുനയിലാക്കുന്ന ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് കാട്ടി ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. ഇന്ത്യയടക്കം വിവിധ ലോക രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു.
ഇതിനിടെ, സൗദിയിലേക്കുള്ള യാത്ര തങ്ങളുടെ പൗരന്മാർ പുനഃപരിശോധിക്കണമെന്ന് യു.എസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇറാക്കിലെ ഇറാൻ/ഹൂതി അനുകൂല ഗ്രൂപ്പിന്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ശനിയാഴ്ച അടച്ച സൗദിയുടെ ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ ഇതുവരെ തുറക്കാനാകാത്തത് ഊർജ്ജ വിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു.
നുണയെന്ന് ഹൂതികൾ
മക്കയെ ലക്ഷ്യമിട്ടില്ലെന്ന് ഹൂതികൾ. സൗദിയുടെ ആരോപണം നുണയെന്ന് ഹൂതി വക്താവ് യഹ്യാ സരീ. തങ്ങൾ പുണ്യ സ്ഥലങ്ങളെ ലക്ഷ്യമിടില്ലെന്നും സൗദിയുടെ സൈനിക, എണ്ണ കേന്ദ്രങ്ങളാണ് ഉന്നമെന്നും പറഞ്ഞു. യെമനിലെ മരീബിൽ സൗദിയുടെ എഫ് - 15 യുദ്ധവിമാനം തകർത്തെന്നും അവകാശപ്പെട്ടു. യെമനിലെ ഹൂതി നിയന്ത്രണ പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കിടെ സൗദി 450 വ്യോമാക്രമണങ്ങൾ നടത്തിയെന്നും ആരോപണം.
അമേരിക്കൻ ഡ്രോൺ തകർത്തു
ഇറാൻ - യു.എസ് പിരിമുറുക്കത്തിന് അയവില്ല. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ എം.ക്യു - 9 ഡ്രോണിനെ വെടിവച്ചിട്ടെന്ന് ഇറാൻ. ഇന്നലെ പുലർച്ചെ ഖേഷം ദ്വീപിന് സമീപമായിരുന്നു സംഭവം
അടുത്തിടെയായി പ്രതിദിനം ഹോർമുസ് കടക്കുന്നത് പത്തിൽ താഴെ മാത്രം കപ്പലുകൾ
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനയിൽ. ഹോർമുസ് തുറക്കാൻ ഇറാന് മേൽ ചൈന സമ്മർദ്ദം ശക്തമാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |