
മനില : ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റൊഡ്രിഗോ ഡുറ്റർട്ടെയെ (81) നെതർലൻഡ്സിലെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) നേരിട്ട് ഹാജരാക്കി. 2025 മാർച്ചിലാണ് മയക്കു മരുന്നിനെതിരായ പോരാട്ടത്തിന്റെ പേരിൽ ആയിരക്കണക്കിന് ഫിലിപ്പീൻസ് പൗരന്മാരെ കൊലപ്പെടുത്തിയതിലെ പങ്ക് ആരോപിച്ച് റൊഡ്രിഗോയെ അറസ്റ്റ് ചെയ്തത്.
അന്ന് മുതൽ ഹേഗിലെ ഐ.സി.സി തടങ്കൽ കേന്ദ്രത്തിൽ റിമാൻഡിലാണ് റൊഡ്രിഗോ. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ നടന്ന വാദം കേൾക്കലുകളിൽ നിന്ന് റൊഡ്രിഗോ വിട്ടുനിന്നിരുന്നു.
അതേ സമയം, റൊഡ്രിഗോ ആരോഗ്യവാനാണെന്ന് വിധിച്ച കോടതി, കേസിൽ നവംബർ 30ന് വിചാരണ തുടങ്ങുമെന്നും റൊഡ്രിഗോയ്ക്ക് ജാമ്യം നൽകില്ലെന്നും അറിയിച്ചു.
2011 മുതൽ 2022 വരെ റൊഡ്രിഗോ ദാവോ സിറ്റി മേയറും രാജ്യത്തെ പ്രസിഡന്റുമായിരിക്കെ മയക്കുമരുന്ന് കേസിൽ സംശയിക്കപ്പെട്ട 6000ത്തിലേറെ പേരെ പൊലീസും അജ്ഞാത ആയുധധാരികളും വെടിവച്ചു കൊന്നെന്നാണ് കേസ്.
താൻ കുറ്റംചെയ്തിട്ടുണ്ടെങ്കിൽ ഫിലിപ്പീൻസ് കോടതിയിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സ്വന്തം രാജ്യത്തെ ജയിലിൽ പോകാൻ തയ്യാറാണെന്നും ആരോപണങ്ങൾ നിഷേധിച്ച റൊഡ്രിഗോ പ്രതികരിച്ചിരുന്നു.
റൊഡ്രിഗോ 2019ൽ ഐ.സി.സിയിൽ നിന്ന് ഫിലിപ്പീൻസിന്റെ അംഗത്വം പിൻവലിച്ചിരുന്നു. എന്നാൽ, അംഗത്വം പിൻവലിക്കുന്നതിന് മുമ്പ് നടന്ന കുറ്റകൃത്യങ്ങളിൽ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് ഐ.സി.സിയുടെ നിലപാട്.
ഹോങ്കോങ്ങ് സന്ദർശനത്തിന് ശേഷം മനില എയർപോർട്ടിൽ എത്തിയ ഉടൻ ഇന്റർപ്പോൾ വാറന്റ് പ്രകാരം റൊഡ്രിഗോയെ അറസ്റ്റ് ചെയ്ത ഫിലിപ്പീൻസ് പൊലീസ്, ഹേഗിന് കൈമാറുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |