ന്യൂയോർക്ക്: പോപ്പ് താരം ടെയ്ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്‌ബോൾ താരം ട്രാവിസ് കെൽസിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലായിരുന്നു ചടങ്ങ് നടന്നത്. വിവാഹത്തിന് പിന്നാലെ ദമ്പതികളെ പരിഹസിച്ചുകൊണ്ട് വൈറ്റ് ഹൗസും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. സ്വിഫ്റ്റിന്റെ പാട്ടുകളെ ഓർമ്മിപ്പിക്കുന്ന ചില പോസ്റ്റുകളാണ് വൈറ്റ് ഹൗസ് തങ്ങളുടെ ഔദ്യോഗിക പേജുകളിൽ പങ്കുവച്ചത്.
വിവാഹദിവസം മാഡിസൺ സ്‌ക്വയറിന്റെ പുറത്ത് ഉയർന്ന ഇലക്ട്രോണിക് ബിൽ ബോർഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ദമ്പതികളുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്തുവെച്ച് 'JUST&T MARRIED' എന്നായിരുന്നു എഴുതിയിരുന്നത്. ഇതേ ഡിസൈനിലുള്ള മറ്റൊരു ഇമേജും വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വന്നു. ദമ്പതികൾക്ക് ആശംസ നേരുന്നതിന് പകരം 'TRUMP IS STILL YOUR PRESIDENT' (ട്രംപ് ഇപ്പോഴും നിങ്ങളുടെ പ്രസിഡന്റാണ്) എന്നായിരുന്നു അതിൽ രേഖപ്പെടുത്തിയിരുന്നത്. 'IT'S HAPPENED!!!' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഇതാദ്യമായല്ല വൈറ്റ് ഹൗസ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ടെയിലർ സ്വിഫ്റ്റിനെ ട്രോളുന്നത്.
വൈറ്റ് ഹൗസിന്റെ ട്രോളിന് പുറമെ ഡൊണാൾഡ് ട്രംപും സ്വിഫ്റ്റിനെതിരെ പോസ്റ്റുമായി രംഗത്തെത്തി. സ്വിഫ്റ്റിന്റെ ലോകപ്രശസ്തമായ 'എറാസ് ടൂർ' ആൽബത്തിന്റെ ചിത്രത്തോട് സാമ്യം തോന്നുന്ന രീതിയിലുള്ള കൊളാഷ് ചിത്രമാണ് ട്രംപ് പങ്കുവച്ചത്. അമേരിക്കയുടെ ചരിത്ര നേട്ടങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ട്രംപ് മുഷ്ടി ചുരുട്ടി നിൽക്കുന്ന ഫോട്ടോയും ഇതിലുണ്ടായിരുന്നു.
2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ ടെയ്ലർ സ്വിഫ്റ്റ് പരസ്യമായി പിന്തുണച്ചിരുന്നു. അന്നുമുതൽ ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും നോട്ടപ്പുള്ളിയാണ് ടെയ്ലർ സ്വിഫ്റ്റ്. ഇതിന്റെ തുടർച്ചയായാണ് താരത്തിന്റെ വിവാഹദിനത്തിലും വൈറ്റ് ഹൗസ് ട്രോളുമായി രംഗത്തെത്തിയതെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |