SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ടെഹ്‌റാൻ സ്വദേശികൾ ഇസ്രയേലിന് വിവരം നൽകി: ലാരിജാനിയെ വധിച്ചത് മകളുടെ വീടിന് ബോംബിട്ട്

pic

ടെഹ്റാൻ: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യു.എസും ഇസ്രയേലും ചേർന്ന് വധിച്ചതോടെ ഇറാന്റെ ശബ്ദമായി മാറിയത് സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയാണ് (67). ഖമനേയിയുടെ മകൻ മൊജ്തബായെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതിന് ശേഷവും ഇറാന്റെ നിലപാടുകൾ ലോകത്തെ അറിയിച്ചത് ലാരിജാനിയാണ്.

രാജ്യത്തിന്റെ പ്രതിരോധ, സുരക്ഷാ, നയതന്ത്ര സംവിധാനങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ലാരിജാനി, ഖമനേയിക്ക് ശേഷം കൊല്ലപ്പെട്ട ഇറാന്റെ ഏറ്റവും ശക്തനായ നേതാവാണ്. ഇസ്രയേലിന്റെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാം നമ്പർ ടാർജറ്റ് കൂടിയായിരുന്നു അദ്ദേഹം.

ടെഹ്റാന് കിഴക്ക്, പർദിസ് മേഖലയിലുള്ള മകളുടെ വസതിയിൽ വച്ചാണ് ലാരിജാനിയെ ഇസ്രയേൽ ഇല്ലാതാക്കിയത്. ടെഹ്റാനിലെ പ്രദേശവാസികൾ തന്നെയാണ് ലാരിജാനിയെ പറ്റിയുള്ള വിവരം ഇസ്രയേലിന് കൈമാറിയതെന്നാണ് റിപ്പോർട്ട്.

യുദ്ധം തുടങ്ങിയത് മുതൽ രഹസ്യ കേന്ദ്രങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു ലാരിജാനി. കഴിഞ്ഞ വെള്ളിയാഴ്ച പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഖുദ്സ് ദിന റാലിയിൽ പങ്കെടുക്കാൻ ലാരിജാനി ടെഹ്റാനിലെ തെരുവിൽ ജനങ്ങൾക്കൊപ്പം അണിനിരന്നിരുന്നു. അന്ന് മുതൽ ഇസ്രയേലി ഇന്റലിജൻസ് കണ്ണുകൾ ലാരിജാനിയെ പിന്തുടരുകയായിരുന്നു.


# മകനും കൊല്ലപ്പെട്ടു


1. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 1.50ഓടെ ഇസ്രയേലി വ്യോമസേനയുടെ ജെറ്റുകൾ ടെഹ്റാന് മുകളിലെത്തി

2. ലാരിജാനിയുടെ മകളുടെ വസതിക്ക് മുകളിലേക്ക് ബോംബിട്ടു

3. ലാരിജാനിയും മകൻ മൊർത്തേസയും അംഗരക്ഷകരും കൊല്ലപ്പെട്ടു. മകളുടെ കാര്യം വ്യക്തമല്ല

# ഒത്തുചേർന്ന്

ആയിരങ്ങൾ


ലാരിജാനിയ്ക്ക് അന്ത്യയാത്രയേകാൻ ആയിരക്കണക്കിന് പേരാണ് ഇന്നലെ ടെഹ്റാനിലെ റെവല്യൂഷൻ സ്‌ക്വയറിൽ ഒത്തുകൂടിയത്. ഐറിസ് ദേന യുദ്ധക്കപ്പൽ തകർന്ന് കൊല്ലപ്പെട്ട 84 നാവിക സേനാംഗങ്ങളുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്രയും ഇതോടൊപ്പം നടന്നു. തുടർന്ന് മഷാദ് നഗരത്തിൽ ലാരിജാനിയുടെ മൃതദേഹം സംസ്‌കരിച്ചു.

--------------------------------

# മൊസാദ് ചാരനെ തൂക്കിലേറ്റി

 ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പൗരനെ തൂക്കിലേറ്റി. കൗറൂഷ് കീവാനി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്

 ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ ആക്രമണം. ആളപായമോ നാശനഷ്ടമോ ഇല്ല. നിലവിൽ പ്രവർത്തനം തുടരുന്ന ഇറാനിലെ ഏക ആണവോർജ്ജ പ്ലാന്റാണിത്. റഷ്യയുടെ സഹകരണത്തോടെയാണ് പ്രവർത്തനം

 യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ ലോറെസ്താനിൽ 7 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്ക്

 ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അതിരൂക്ഷം. മരണം 900 കടന്നു. ബെയ്റൂട്ടിൽ തുടരെ സ്ഫോടനങ്ങൾ. നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞു

 ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 192 പേർക്ക് പരിക്ക്. ടെൽ അവീവിൽ ട്രെയിൻ സർവീസ് തടസപ്പെട്ടു. ഹോളോണിൽ കാറുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം

 യു.എ.ഇയെ ലക്ഷ്യമാക്കിയ 13 ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും തകർത്തു


# ഗൾഫിലെ ഊർജ്ജ

കേന്ദ്രങ്ങൾ ആക്രമിക്കും: ഇറാൻ

സൗത്ത് പാർസിലെ പ്രകൃതി വാതക കേന്ദ്രം ഇസ്രയേൽ ആക്രമിച്ച പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളിൽ തിരിച്ചടി നടത്താനൊരുങ്ങി ഇറാൻ. വരും മണിക്കൂറുകളിൽ തങ്ങൾ ആക്രമിക്കാൻ പോകുന്ന ഊർജ്ജ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട ഇറാൻ,​ സമീപത്തുള്ള ജനങ്ങൾ ഒഴിയണമെന്ന് നിർദ്ദേശിച്ചു. ആക്രമണ സാദ്ധ്യതയുള്ള ഊർജ്ജ കേന്ദ്രങ്ങൾ ഇവ:


1. സാംറെഫ് റിഫൈനറി (സൗദി)

2. അൽ ജുബൈൽ പെട്രോ കെമിക്കൽ കോംപ്ലക്സ് (സൗദി)

3. അൽ ഹോസൻ ഗ്യാസ് ഫീൽഡ് (യു.എ.ഇ)

4. മെസയ്യീദ് പെട്രോകെമിക്കൽ കോംപ്ലക്സ് (ഖത്തർ)

5. റാസ് ലഫാൻ റിഫൈനറി (ഖത്തർ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360