
ജക്കാർത്ത: ഇൻഡോനേഷ്യയിൽ എലി വിഷം പുരട്ടിയ ചിക്കൻ സറ്റേ നൽകി ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ. പർവാതി വാഹ്‌യുദി (40) എന്നയാളാണ് അറസ്റ്റിലായത്. മേയ് 18ന് ഓൺലൈനായി ചിക്കൻ സറ്റേ ഓർഡർ ചെയ്ത ഇയാൾ എലി വിഷത്തിൽ മുക്കിയ ശേഷം ഭാര്യാമാതാവിന്റെ വീട്ടിലേക്ക് കൊറിയർ ചെയ്യുകയായിരുന്നു.
ദീർഘനാളായി നേരിട്ട അനാദരവാണ് വാഹ്‌യുദിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സറ്റേ കഴിച്ച് തൊട്ടടുത്ത ദിവസമാണ് സ്ത്രീയുടെ മൃതദേഹം മദ്ധ്യ ജാവയിലെ വസതിയിൽ ബന്ധുക്കൾ കണ്ടെത്തിയത്. സ്ത്രീയുടെ ഇളയ മകളാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കുറ്റക്കാരിയാക്കാനും വാഹ്‌യുദി ശ്രമം നടത്തിയിരുന്നു.
സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ച ശേഷം ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മരണം സ്വാഭാവിക കാരണങ്ങൾ മൂലമാണെന്ന് കരുതിന്നില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. മരണത്തിന് തലേദിവസം അജ്ഞാതനിൽ നിന്ന് അമ്മയ്ക്ക് ചിക്കൻ സറ്റേ ലഭിച്ചെന്ന് ഇളയ മകൾ മൊഴി നൽകി. വീട്ടിലെ കോഴികൾ ചത്തുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ വിഷത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
കൊലപാതകം കൃത്യമായ ആസൂത്രത്തോടെയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്ത്രീയുടെ ഇളയ മകളുടെ പേരും ചിത്രവുമുള്ള അക്കൗണ്ട് ഫുഡ് ഡെലിവറി ആപ്പിൽ ക്രിയേറ്റ് ചെയ്താണ് വാഹ്‌യുദി വിഷമടങ്ങിയ ഭക്ഷണം വിതരണം ചെയ്തത്. സ്ത്രീയുടെ വീട്ടിലേക്ക് ഡെലിവറി ബോക്സ് എത്തിച്ച ഡ്രൈവറും വാഹ്‌യുദിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. വാഹ്‌യുദിക്ക് കുറഞ്ഞത് 20 വർഷം ജയിൽവാസം മുതൽ വധശിക്ഷ വരെ ലഭിക്കാമെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |