SignIn
Kerala Kaumudi Online
Wednesday, 10 June 2026 9.01 AM IST

പാക് അധീന കാശ്മീരിൽ സംഘർഷം: 30 പ്രതിഷേധക്കാരെ സേന കൊന്നൊടുക്കി

pic

കറാച്ചി: പാക് അധീന കാശ്മീരിൽ അവകാശ നിഷേധത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങളെ ക്രൂരമായി അടിച്ചമർത്തി പാകിസ്ഥാൻ സുരക്ഷാ സേന. വെള്ളിയാഴ്ച മുതൽ മുസാഫറാബാദ്,​ റവാലാകോട്ട് പട്ടണങ്ങളിലായി വെടിവയ്പിലും ആക്രമണങ്ങളിലും 30ലേറെ പേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. വ്യാപാരികൾ,​ ആക്ടിവിസ്റ്റുകൾ,​ അവകാശ ഗ്രൂപ്പുകൾ എന്നിവയുടെ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ (ജെ.എ.എ.സി) പാക് ഭരണകൂടം നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് നൂറുകണക്കിന് അനുകൂലികൾ തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒരു വ്യാപാരി വെടിയേറ്റ് മരിച്ചതോടെ ഏറ്റുമുട്ടൽ രൂക്ഷമായി. പ്രതിഷേധം അടിച്ചമർത്താൻ 14,000 - 20,000 പാരാമിലിട്ടറി അംഗങ്ങളെ മേഖലയിൽ വിന്യസിച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.

അതേസമയം​ സംഘർഷത്തിൽ 11 പേരാണ് കൊല്ലപ്പെട്ടതെന്നാണ് സർക്കാരിന്റെ വാദം. ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും പ്രതിഷേധക്കാർ സേനയ്ക്ക് നേരെ പ്രയോഗിച്ചെന്നും ആരോപിച്ചു. ജെ.എ.എ.സിയും ആക്ടിവിസ്റ്റുകളും ഇത് നിഷേധിച്ചു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക,​ സബ്സിഡികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. പാക് അധീന കാശ്മീരിൽ ഏറ്റുമുട്ടലുകൾ ആവർത്തിക്കുന്നതിനെതിരെ അന്താരാഷ്ട്ര വിമർശനങ്ങൾ ശക്തമായി.

# സംവരണം റദ്ദാക്കണം


 നിയമസഭയിലെ 53 സീറ്റുകളിൽ കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 എണ്ണം റദ്ദാക്കണമെന്ന് കാട്ടി ജെ.എ.എ.സി പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണിത്. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ വർഷവും കലാപമുണ്ടായി

 സീറ്റുകൾ സർക്കാരിനും സൈന്യത്തിനും താത്പര്യമുള്ളവരെ അധികാരത്തിലേറ്റാനുള്ള പുകമറയെന്ന് ആരോപണം. പ്രദേശത്തിന് പുറത്ത് നിന്നുള്ള അഭയാർത്ഥികളെ (പാക് നഗരങ്ങളിൽ കഴിയുന്നവർ) മത്സരിപ്പിക്കുന്നതിനോട് നാട്ടുകാർക്ക് എതിർപ്പ്

 കഴിഞ്ഞയാഴ്ച സർക്കാർ ജെ.എ.എ.സിയെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപം സൃഷ്ടിക്കുന്നെന്ന് വാദം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360