ലോസാഞ്ചലസ് : നോക്കൗട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി (1-0) ലോകകപ്പ് ചരിത്രത്തിലെ ആദ്യപ്രീക്വാർട്ടർ പ്രവേശവുമായി കാനഡ. ഇതോടെ, പ്രീക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമെന്ന വിശേഷണവും സഹ ആതിഥേയർ സ്വന്തമാക്കി. ഇൻജുറി ടൈമിൽ ക്യാപ്ടൻ സ്റ്റീഫൻ യുസ്താക്കിയോ കാനഡയ്ക്കായി വിജയ ഗോൾ നേടി.
സ്വീഡനെതിരെ ഫ്രാൻസ്
പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മുൻചാമ്പ്യന്മാരും നിലവിലെ റണ്ണർ അപ്പുകളുമായ ഫ്രാൻസ് ഇന്ന് രാത്രി സ്വീഡനെ നേരിടും. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ടര മുതൽ ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് മത്സരം. കിലിയൻ എംബാപ്പെയും ഒസ്മാനെ ഡെംബലെയും ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ഫ്രാൻസിനെതിരെ അലക്സാണ്ടർ ഇസാക്കിനെയും വിക്ടർ ഗ്യോക്കെരസിനെയും മുന്നിൽ നിറുത്തിയാകും സ്വീഡിഷ് പടയിറങ്ങുക. തോൽവി അറിയാതെ ഗ്രൂപ്പ് ഐയിലെ ചാമ്പ്യന്മാരായി ഫ്രാൻസ് എത്തുമ്പോൾ, നെതർലാൻഡ്സിനും ജപ്പാനും പിന്നിലായി ഗ്രൂപ്പ് എഫിലെ മൂന്നാം സ്ഥാനക്കാരാണ് സ്വീഡൻ.
ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് രണ്ടാം റൗണ്ട് മത്സരത്തിൽ ഇത്തവണത്തെ കറുത്ത കുതിരകളെന്ന് വിലയിരുത്തപ്പെടുന്ന ഏർലിംഗ് ഹാലാൻഡിന്റെ നോർവേ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ നേരിടും.
നാളെ ഇന്ത്യൻ സമയം രാവിലെ ആറരയ്ക്ക് സഹആതിഥേയരായ മെക്സിക്കോ ഇക്വഡോറിനെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |