
പാരീസ്: 1,083 അടി ഉയരമുള്ള ഫ്രാൻസിന്റെ തലയെടുപ്പായ ഈഫൽ ടവറിൽ കയറി അഭ്യാസ പ്രകടനം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് പാരീസ് പൊലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് യു.എസിന്റെ 250 -ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ജീവൻ പണയംവച്ചുള്ള സ്റ്റണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അനധികൃതമായി ടവറിന്റെ പുറംഭാഗത്ത് കൂടി മുകളിലേക്ക് കയറിയ ഇയാൾ ഭീമൻ യു.എസ് പതാക സ്ഥാപിക്കുകയായിരുന്നു. ടവറിന്റെ രണ്ട്, മൂന്ന് ലെവലുകൾക്കിടെയിലെ തുറന്ന ഭാഗത്ത് തൂങ്ങിക്കിടന്നായിരുന്നു അഭ്യാസം. ഉടൻ ടവറിലുണ്ടായിരുന്ന സന്ദർശകരെ ഒഴിപ്പിച്ച പൊലീസ്, മൂന്നാം ലെവലിൽ നിന്ന് പ്രതിയെ പിടികൂടി. പതാക നീക്കി ടവർ തുറക്കുകയും ചെയ്തു. തന്റെ പ്രവൃത്തിക്ക് പിന്നിലെ കാരണമോ വിശദീകരണമോ പ്രതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതിക്രമിച്ചു കടക്കൽ അടക്കം കുറ്റങ്ങൾ ഇയാൾക്ക് മേൽ ചുമത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |