SignIn
Kerala Kaumudi Online
Saturday, 01 August 2026 3.10 AM IST

ഹമാസ് ആയുധം താഴെവയ്ക്കും,​ പക്ഷേ...

d

 ചരിത്ര ധാരണയിലെത്തിയെന്ന് ട്രംപ്
 മൗനം പാലിച്ച് ഇസ്രയേൽ
 ഇന്നലെ ആക്രമണത്തിൽ 6 മരണം

കയ്റോ: ഹമാസ് അടക്കം ഗാസയിലെ എല്ലാ സായുധ ഗ്രൂപ്പുകളും ആയുധങ്ങൾ പൂർണമായും ഉപേക്ഷിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയുടെ പുനർനിർമ്മാണത്തിനായി ട്രംപ് രൂപീകരിച്ച 'സമാധാന ബോർഡ്' (ബോർഡ് ഒഫ് പീസ്) ഈജിപ്റ്റിൽ നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്നും പറയുന്നു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഭരണം പാലസ്തീനിയൻ സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന എൻ.സി.എ.ജി (നാഷണൽ കമ്മിറ്റി ഫോർ ദ അഡ്‌മിനിസ്ട്രേഷൻ ഒഫ് ഗാസ) ഏറ്റെടുക്കുന്നതിനുമുള്ള നിർണായക ചുവടുവയ്പാണിത്. ഈജിപ്റ്റ്, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ ഉറപ്പിൽ കരാറിന്റെ കരടിനെ ഹമാസ് അംഗീകരിച്ചു.

പക്ഷേ,​ ഗാസയിലെ സാഹചര്യം മോശം അവസ്ഥയിലായതിനാലാണ് ഹമാസ് വഴങ്ങിയത്. ഇസ്രയേൽ ആക്രമണം നിറുത്തുന്നതും സേനയെ പിൻവലിക്കുന്നതും അനുസരിച്ചാകും ആയുധ കൈമാറ്റമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. ഹമാസ് ആയുധം വച്ച് കീഴടങ്ങുമെന്ന് ഇസ്രയേൽ കരുതുന്നില്ല. ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാതെ സൈന്യത്തെ പിൻവലിക്കാൻ തയ്യാറാകുകയുമില്ല. കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ നേരത്തെ തള്ളിയിരുന്നെന്നും പറയപ്പെടുന്നു. ഇന്നലെ ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഈജിപ്റ്റിൽ യു.എസിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് അന്തിമ നടപടികൾ തീരുമാനിക്കും.


# സമാധാനശ്രമം ഇതുവരെ

രണ്ട് വർഷ യുദ്ധത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 10ന് ട്രംപ് ആവിഷ്കരിച്ച 20 ഇന പദ്ധതി പ്രകാരം ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കൈമാറ്റം അടക്കം പദ്ധതിയിലെ ആദ്യ ഘട്ടം പൂർത്തിയാക്കി. ഹമാസിന്റെ നിരായുധീകരണം മുതൽ ഗാസയുടെ പുനർനിർമ്മാണം വരെയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് ജനുവരിയിൽ യു.എസ് പ്രഖ്യാപിച്ചു. രണ്ടാം ഘട്ടത്തിന്റെ മേൽനോട്ടത്തിനായി യു.എസ്, യു.എ.ഇ, സൗദി അറേബ്യ തുടങ്ങി 27 രാജ്യങ്ങൾ അടങ്ങുന്ന സമാധാന ബോർഡ് രൂപീകരിച്ചു. ഗാസയുടെ ഭാവി ഭരണത്തിന് പാലസ്തീനിയൻ അതോറിട്ടിയിലെ മുൻ മന്ത്രി അലി സാത്ത് തലവനായുള്ള എൻ.സി.എ.ജിയും രൂപീകരിച്ചു. ഭരണസമിതി ഹമാസ് പിരിച്ചുവിട്ടെങ്കിലും ഇപ്പോഴും അവരുടെ നിയന്ത്രണം തുടരുന്നു. ഗാസയുടെ 60 ശതമാനവും ഇസ്രയേൽ നിയന്ത്രണത്തിൽ.


# ഇസ്രയേൽ പിന്മാറണം


 ഹമാസിന്റെ നിരായുധീകരണം ഘട്ടംഘട്ടമായെന്ന് ട്രംപ്. കരാർ ഒപ്പിട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഹമാസ് പൊലീസിന്റെ ആയുധങ്ങൾ എൻ.സി.എ.ജിക്ക് കൈമാറും. തുടർന്ന് പീരങ്കികളും റോക്കറ്റുകളും ബോംബുകളും മറ്റും കൈമാറും. ടണലുകൾ തകർക്കും. ആയുധങ്ങൾ ഇസ്രയേലിന് നൽകില്ലെന്ന് ഉറപ്പ്. 200 - 350 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

 എൻ.സി.എ.ജി അധികാരമേൽക്കും. നിരായുധീകരണത്തോടൊപ്പം ഇസ്രയേൽ സേന ഘട്ടംഘട്ടമായി ഗാസയിൽ നിന്ന് പിന്മാറണം. ഗാസയുടെ സുരക്ഷ അന്താരാഷ്ട്ര സേനയും പുതിയ ലോക്കൽ പൊലീസും ഏറ്റെടുക്കും. ഗാസയുടെ പുനർനിർമ്മാണം

# ഗാസ ഇനി ഭീകരാക്രമണങ്ങൾക്കുള്ള താവളമാകില്ല. ഇസ്രയേലിന് സുരക്ഷയും ലഭിക്കും.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360