
ലൂസാക്ക : ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ ആന്ത്രാക്സ് രോഗം പടരുന്നു. 60 ലേറെ വന്യജീവികളുടെ ജീവനെടുത്ത രോഗം 12 മനുഷ്യരിലും കണ്ടെത്തി. മചിംഗ പ്രവിശ്യയാണ് രോഗത്തിന്റെ ഉറവിടം. ജൂലായ് മുതൽ വന്യജീവികളിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. രോഗം ബാധിച്ച് ചത്ത ജീവികളുടെ മാംസം കഴിച്ചതിലൂടെയാകാം മനുഷ്യരിലേക്ക് പടർന്നതെന്ന് കരുതുന്നു.
നിലവിൽ രോഗം ബാധിച്ചവരെല്ലാം ചികിത്സയിലാണെന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 46 ഹിപ്പോപ്പൊട്ടാമസുകളും 8 ആനകളും ജീവൻ നഷ്ടമായ ജീവികളിൽ ഉൾപ്പെടുന്നു. ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമാണ് ആന്ത്രാക്സ് ഉണ്ടാകുന്നത്. മണ്ണിൽ ജീവിക്കുന്ന ബാസിലസ് ആന്ത്രാസിസ് പലപ്പോഴും പുല്ലിലൂടെയും മറ്റുമാണ് മൃഗങ്ങളിലേക്ക് പടരുന്നത്.
# മനുഷ്യരിൽ അപൂർവം
മനുഷ്യരിൽ വളരെ അപൂർവം. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള അടുത്ത ഇടപെടലോ അല്ലെങ്കിൽ രോഗം ബാധിച്ച ജീവികളുടെ ഉത്പന്നങ്ങളോ മനുഷ്യരിൽ രോഗത്തിന് കാരണമാകും
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വളരെ അപൂർവം അവസരങ്ങളിൽ ഇത്തരം രോഗികളുടെ മുറിവുകളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനിടയുണ്ടെന്ന് കരുതുന്നു
ലക്ഷണങ്ങൾ - പനി, ശ്വാസതടസം, ചുമ, തലകറക്കം, വയറുവേദന, തലവേദന, ശരീരവേദന. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിൽ കലാശിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |