
ടെഹ്റാൻ: ഇറാൻ-യു.എസ് യുദ്ധം സങ്കീർണമായി തുടരുന്നതിനിടെ, യെമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലെ പോരാട്ടം മൂർഛിച്ചത് പശ്ചിമേഷ്യയ്ക്ക് ഇരട്ട പ്രഹരമായി. ഏതാനും ദിവസങ്ങളായി സൗദിക്കെതിരെ പ്രകോപനം തുടരുന്ന ഹൂതികൾ ഇന്നലെ ശക്തമായ ആക്രമണം നടത്തി.
സൗദിയിൽ യെമൻ അതിർത്തിയോട് ചേർന്ന് ഖാമിസ് മുഷൈത്തിലുള്ള കിംഗ് ഖാലിദ് എയർബേസിലേക്ക് ഹൂതികൾ ഡസൻകണക്കിന് റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചു. വിമാന ഹാങ്ങറുകളും റഡാർ സംവിധാനങ്ങളും റൺവേയും ആയുധ സംഭരണ കേന്ദ്രങ്ങളും തകർത്തെന്ന് ഹൂതികൾ അവകാശപ്പെട്ടു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സൗദി യെമനീസ് സർക്കാർ സേനയുമായി ചേർന്ന് നൂറുകണക്കിന് ബോംബാക്രമണങ്ങൾ നടത്തിയതിന് തിരിച്ചടിയാണിതെന്നും പറഞ്ഞു.
നാശനഷ്ടം സംബന്ധിച്ച് സൗദി പ്രതികരിച്ചിട്ടില്ല. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ ഗ്രേറ്റർ ഹാനിഷ്, ലെസ്സർ ഹാനിഷ് ദ്വീപുകളും ഹൂതികൾ നിയന്ത്രണത്തിലാക്കി. യെമന്റെ ചെങ്കടൽ തീരം മുഴുവനും ഹൂതി നിയന്ത്രണത്തിലാണ്. പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ യെമൻ സർക്കാർ - സൗദി സഖ്യ സേനകൾ വ്യോമാക്രമണം കടുപ്പിച്ചു.
ഹൂതികളുടെ ഭീഷണി മൂലം ചെങ്കടലും ബാബ് അൽ മന്ദബ് കടലിടുക്കും കടന്നുള്ള സൗദി എണ്ണക്കപ്പലുകളുടെ സഞ്ചാരം നിലച്ചത് ആഗോള ഊർജ്ജ വിപണിയ്ക്ക് തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് ഇന്നലെ 109 ഡോളർ കടന്നു.
# ഇന്ത്യക്കാരനെ
കാണാതായി
ഹോർമുസ് കടലിടുക്കിൽ കാണാതായ ഇന്ത്യൻ നാവികനായി തെരച്ചിൽ ഊർജ്ജിതം. ഞായറാഴ്ച വ്യോമാക്രമണം നേരിട്ട എം.ടി എൽ ഗയ എന്ന പനാമ എണ്ണടാങ്കറിലെ ജീവനക്കാരനാണ് ഇദ്ദേഹം. കപ്പലിലെ മറ്റ് 13 ഇന്ത്യക്കാരെ ഒമാൻ രക്ഷിച്ചു. യു.എസ് നേവിയും ഇറാനും മേഖലയിൽ പരസ്പരം കപ്പൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണിത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
# ചർച്ച റദ്ദാക്കി
ഹോർമുസിൽ കപ്പലുകൾക്ക് പുതിയ സുരക്ഷിത പാത ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനിൽ ഇന്നലെ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ നടക്കേണ്ടിയിരുന്ന ചർച്ച റദ്ദാക്കി. സംഘർഷം കണക്കിലെടുത്താണ് നടപടി. പുതിയ സമുദ്രപാത ചർച്ച ചെയ്യുന്നതു കൊണ്ട് ഹോർമുസ് തുറക്കില്ലെന്നും ആദ്യം തങ്ങൾക്കെതിരായ നാവിക ഉപരോധം യു.എസ് പിൻവലിക്കണമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |