
ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ശക്തമായ ഹിമപാതത്തിൽപ്പെട്ട് ലോക പ്രശസ്ത പർവ്വതാരോഹകൻ നിർമ്മൽ പുർജ ( 43 ) അടക്കം ആറ് പേരെ കാണാതായി. നാല് പേരുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ കാരക്കോറം പർവ്വതനിരകളുടെ ഭാഗമായ ബ്രോഡ് പീക്ക് കൊടുമുടിയിലായിരുന്നു സംഭവം.
നേപ്പാൾ സ്വദേശിയായ നിർമ്മലിന്റെ നേതൃത്വത്തിലെ പത്തംഗ സംഘം കൊടുമുടിയിൽ 7,000 മീറ്റർ ഉയരത്തിലെത്തിയപ്പോഴായിരുന്നു അപകടം. മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. മരിച്ചവരിൽ ഒമാൻ വനിതയും നേപ്പാൾ സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരിച്ചു.
പാകിസ്ഥാൻ, ചൈന, യു.എസ്, നേപ്പാൾ സ്വദേശികളാണ് സംഘത്തിലെ മറ്റുള്ളവർ. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള നിർമ്മൽ 2019ൽ 8,000 മീറ്ററിന് മുകളിൽ ഉയരമുള്ള 14 പർവ്വതങ്ങൾ ആറ് മാസം കൊണ്ട് കീഴടക്കി റെക്കാഡ് സ്ഥാപിച്ചിരുന്നു. ബ്രോഡ് പീക്കിന് 8,051 മീറ്റർ ഉയരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |