
മാഡ്രിഡ്: പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ കടന്നുകയറിയതിനെ തുടർന്ന് സ്തംഭിച്ച സെയൂട്ടയിലെ അതിർത്തിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച് സ്‌പെയിൻ. ബുധനാഴ്ച മുതൽ മൊറോക്കോയിൽ നിന്നുള്ള 60,000 ത്തോളം കുടിയേറ്റക്കാരാണ് സ്പെയിനിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ നഗരമായ സെയൂട്ടയിലേക്ക് ഇരച്ചെത്തിയത്.
കുടിയേറ്റ പ്രവാഹത്തിൽ ഞെട്ടിയ സ്പെയിൻ, വെള്ളിയാഴ്ച സൈന്യത്തെ വിന്യസിച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനായി. കുടിയേറ്റക്കാരെ തടയാൻ അതിർത്തിയിൽ സുരക്ഷ കൂട്ടി. കടലിൽ ഫ്ലോട്ടിംഗ് ബാരിയറുകൾ സ്ഥാപിച്ചു.
അതേ സമയം, സെയൂട്ടയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടലിൽ മുങ്ങിയും കര അതിർത്തിയിൽ തിക്കിലും തിരക്കിലും സംഘർഷത്തിലുംപെട്ടും മരിച്ച കുടിയേറ്റക്കാരുടെ എണ്ണം 67 ആയി ഉയർന്നു. അഭയവും ഭക്ഷണവും ലഭിക്കില്ലെന്ന് മനസിലായതോടെ 48,300 ലേറെ കുടിയേറ്റക്കാർ മൊറോക്കോയിലേക്ക് തന്നെ സ്വമേധയാ മടങ്ങി. രണ്ടായിരത്തോളം പേർ സെയൂട്ടയിൽ തുടരുകയാണ്. കൂടുതലും പരിക്കേറ്റവരോ മുതിർന്നവർ ഒപ്പമില്ലാത്ത കുട്ടികളോ ആണ്.
# കുട്ടികളെ ഉടൻ തിരിച്ചയക്കില്ല
സ്പാനിഷ് നിയമങ്ങൾ പ്രകാരം കുട്ടികളെ എളുപ്പം തിരിച്ചയക്കാൻ സാധിക്കില്ല. കുട്ടികളെ ഷെൽട്ടറുകളിലേക്ക് മാറ്റി. ഷെൽട്ടറുകൾ തിങ്ങിനിറഞ്ഞ അവസ്ഥയിൽ
കുട്ടികളുടെ ചുമതല പ്രാദേശിക സർക്കാരിന്. അന്വേഷണവും ചൈൽഡ് വെൽഫെയർ സർവീസിന്റെ അനുമതിയും അടക്കം നിയമപരമായ വശങ്ങൾ കടന്നാലേ കുട്ടികളെ തിരിച്ചയക്കാനാകൂ
മുതിർന്നവരിൽ കൃത്യമായ രേഖകളോ അഭയത്തിനുള്ള അർഹതയോ ഇല്ലാത്തവരെ നാടുകടത്തും. ജീവനുള്ള ഭീഷണി, രാഷ്ട്രീയ കാരണങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര നിയമപ്രകാരം അഭയത്തിനായുള്ള അപേക്ഷകളും പരിഗണിക്കും
# ഇടഞ്ഞ് ഇറ്റലി
സ്‌പെയിനിന്റെ കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമർശിച്ച ഇറ്റലി, സ്പെയിനുമായുള്ള ഷെൻഗൻ അതിർത്തി ഉടമ്പടി താത്കാലികമായി മരവിപ്പിച്ചു. ഇതോടെ സ്‌പെയിനിൽ നിന്നുള്ളവരെ ഇറ്റലിയുടെ കടൽ, വ്യോമ പ്രവേശന കേന്ദ്രങ്ങളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കും. യൂറോപ്യൻ രാജ്യങ്ങൾക്കിടെയിൽ പാസ്പോർട്ടില്ലാതെ സഞ്ചരിക്കാൻ അനുവദിക്കുന്നതാണ് ഷെൻഗൻ ഉടമ്പടി. സ്പെയിനെ ഷെൻഗൻ സോണിൽ നിന്ന് ഒഴിവാക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.
ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും അതിർത്തി സുരക്ഷ കർശനമാക്കി. അതേ സമയം, സെയൂട്ട സംഭവത്തിന്റെ പേരിൽ ചില യൂറോപ്യൻ രാജ്യങ്ങൾ സ്വാർത്ഥമായി പെരുമാറുന്നെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |