
വാഷിംഗ്ടൺ: ദേശീയ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി, വിദേശത്ത് നിർമ്മിച്ച പുതിയ ഹ്യൂമനോയിഡ് റോബോട്ടുകളുടെയും (മനുഷ്യ രൂപത്തിലെ റോബോട്ട്) പവർ ഇൻവേർട്ടറുകളുടെയും ഇറക്കുമതി നിരോധിച്ച് യു.എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്.സി.സി).
ചൈനയെ ലക്ഷ്യമിട്ടാണ് നീക്കം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സെപ്‌തംബറിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണിത്. ആഗോള ഹ്യൂമനോയിഡ് റോബോട്ട് വിപണിയുടെ ഏകദേശം 85 ശതമാനത്തോളം നിയന്ത്രിക്കുന്നത് ചൈനയാണ്.
നാലു കാലുള്ള റോബോട്ട് നായകളുടെ ഇറക്കുമതിയും എഫ്.സി.സിയുടെ നിരോധനത്തിൽ ഉൾപ്പെടുന്നു. അത്യാധുനിക റോബോട്ടുകളുടെ ഇറക്കുമതി സൈബർ സുരക്ഷാ ഭീഷണികളും മറ്റ് ദേശീയ സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് ഏജൻസി പറഞ്ഞു.
ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ വിദേശ ഉത്പാദനം യു.എസിന്റെ വിതരണ ശൃംഖലയെ തടസപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ചൈനീസ് കമ്പനികളെ അടിച്ചമർത്താൻ യു.എസ് ദേശീയ സുരക്ഷയെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |