
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയുമായി ബന്ധപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ. യു.എസ് - ഇറാൻ ചർച്ച ഇന്നലെ തുടങ്ങുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ യു.എസുമായി തങ്ങൾ ചർച്ച നടത്തുന്നില്ലെന്നും വരുംദിവസങ്ങളിൽ അതിന് പദ്ധതിയില്ലെന്നും ഇറാൻ പ്രതികരിച്ചു.
അതേ സമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഒമാനുമായി തങ്ങൾ തുടരുന്ന ചർച്ച അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ വ്യക്തമാക്കി. കപ്പലുകൾക്ക് സുരക്ഷിത യാത്ര ഒരുക്കാൻ എൻട്രി, എക്സിറ്റ് പാതകൾ തിരിച്ചുള്ള പുതിയ ഗതാഗത സംവിധാനം ഒമാനുമായി ചേർന്ന് അവതരിപ്പിക്കുമെന്നും ഇറാൻ സൂചിപ്പിച്ചു.
സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിന് ഉടൻ ധാരണയാകുമെന്ന് കാട്ടി ഞായറാഴ്ച ഇറാനിൽ നടത്താനിരുന്ന യു.എസ് ബോംബാക്രമണം ട്രംപ് റദ്ദാക്കിയിരുന്നു. ഇറാന്റെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ച് ചർച്ചകൾക്ക് അവസരം നൽകുകയാണെന്നും പുതിയ ആക്രമണങ്ങൾ തത്കാലം ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അതേ സമയം, ഇന്നലെ ഹോർമുസിന് മുകളിലൂടെ പറന്ന യു.എസ് ഡ്രോണിനെ സൈന്യം വെടിവച്ചിട്ടെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |