
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ കണക്കുകൂട്ടൽ പാളി. ഹോർമുസ് ഉപരോധത്തോടെ ക്രൂഡ് വില കുതിച്ചുയർന്നു. റഷ്യയിൽ നിന്നുവരെ ഡീസൽ ഇറക്കുമതിക്ക് തയ്യാറായ യു.എസ് പ്രസിഡന്റ് ട്രംപ് ഒറ്റ രാത്രികൊണ്ട് വീണ്ടും നിലപാട് മാറ്റി. അത് ഇന്ത്യയ്ക്ക് നേട്ടവുമായി. റഷ്യൻ ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനമാണ് തത്കാലം മരവിപ്പിച്ചത്.
'ദേശതാത്പര്യം" മുൻനിറുത്തിയെന്നാണ് വിശദീകരണം. പക്ഷേ, നവംബർ 3ലെ യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ട്രംപിന്റെ മനംമാറ്റമെന്ന് വ്യക്തം. അടിക്കടിയുള്ള കടുത്ത തീരുമാനങ്ങളിലൂടെ രാജ്യത്തെ അനിശ്ചിതത്വത്തിലേക്ക് ട്രംപ് തള്ളിവിടുന്നെന്ന വികാരം അമേരിക്കയിൽ ശക്തമാണ്.
സെപ്തംബറിൽ ട്രംപ് ഒപ്പിട്ട തീരുവ നിയമം ഇന്ന് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. റഷ്യൻ എണ്ണയും വാതകവും കൂടുതൽ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങൾക്ക് തീരുവ ചുമത്താനായിരുന്നു നീക്കം. ചൈനയും ഇന്ത്യയുമാണ് ഇറക്കുമതിയിൽ മുന്നിൽ.
അതേസമയം, ഭാവിയിൽ തീരുവയുമായി മുന്നോട്ടുപോകാനുള്ള അധികാരം ട്രംപിനുണ്ട്. ഏത് രാജ്യത്തിന്, എത്രത്തോളം തീരുവ ചുമത്തണമെന്നും ആരെയൊക്കെ ഒഴിവാക്കണമെന്നും ട്രംപിന് തീരുമാനിക്കാം.
റഷ്യൻ ഡീലിലെ
ഇരട്ടത്താപ്പ്
തങ്ങളെ തടയാൻ നോക്കുന്ന ട്രംപ് റഷ്യയിൽ നിന്ന് കോടിക്കണക്കിന് ടൺ ഡീസൽ ഇറക്കുമതി ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യയുൾപ്പെടെ ആരോപിച്ചിരുന്നു. യു.എസിൽ ഡീസൽ വില കുതിച്ചുയരുന്നത് തടയാനാണ് ട്രംപ് റഷ്യയെ ആശ്രയിക്കുന്നത്. റഷ്യൻ ഡീസൽ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾ 2027 ഏപ്രിൽ വരെ നീക്കുകയും ചെയ്തു.
ട്രംപിനെ ചിന്തിപ്പിച്ചത്
1 ഇന്ത്യയെപ്പോലുള്ള പങ്കാളികളെ പിണക്കിയാൽ വ്യാപാര, പ്രതിരോധക്കരാറിൽ തിരിച്ചടിയാകും
2 തീരുവയുടെ പേരിൽ വിരട്ടൽ വേണ്ടെന്ന് ഇന്ത്യ നിലപാടറിയിക്കുകയും ചെയ്തു
3 കുതിച്ചുയർന്ന എണ്ണ വില പിടിച്ചുകെട്ടിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വിവരമറിയും
കുറ്റം യുക്രെയിന്
(ട്രംപ് പറയുന്നു )
അന്ന് : തീരുവകളിലൂടെ റഷ്യൻ സമ്പദ്വ്യവസ്ഥയേയും പ്രതിരോധ മേഖലയേയും വരിഞ്ഞുമുറുക്കും. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ അവരെ പ്രേരിപ്പിക്കും
ഇന്ന്: യുദ്ധം നീളാൻ കാരണം യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി. ഭരണമാറ്റം വേണം. റഷ്യൻ റിഫൈനറികളെ അവർ ആക്രമിക്കുന്നതിനാൽ ആഗോള ഇന്ധന വില കൂടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |