
നാവികൻ കൊല്ലപ്പെട്ടു
ഒമാനിൽ ഇന്ന് ചർച്ച
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ ചരക്കുക്കപ്പലിന് നേരെയുണ്ടായ യു.എസ് മിസൈലാക്രണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. പത്ത് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ ഇറാനിലെ ബന്ദർ അബ്ബാസിലേക്ക് എത്തിച്ചു. ജീവനക്കാരുടെയോ കപ്പലിന്റെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ പുലർച്ചെ ഇറാനിലെ ഖേഷം ദ്വീപിന് സമീപത്തായിരുന്നു സംഭവം. യു.എസ് പ്രതികരിച്ചിട്ടില്ല.
മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള യു.എസ് നാവിക സേന കഴിഞ്ഞ ആഴ്ച ഇറാനിയൻ എണ്ണ ടാങ്കറുകളെ ആക്രമിച്ചിരുന്നു. അതേ സമയം, ഹോർമുസിൽ കപ്പലുകൾക്ക് പുതിയ സുരക്ഷിത പാത ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനിൽ ഇന്ന് ചർച്ച നടക്കും. ഇറാനും ഇറാക്കും ബഹ്റൈൻ ഒഴികെ ഗൾഫ് രാജ്യങ്ങളും പങ്കെടുക്കും. രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ബഹ്റൈൻ ചർച്ച ബഹിഷ്കരിച്ചത്.
പുതിയ സമുദ്രപാത ചർച്ച ചെയ്യുന്നതു കൊണ്ട് തങ്ങൾ ഹോർമുസ് തുറക്കുമെന്ന് പ്രതീക്ഷിക്കേണ്ട. യു.എസ് ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കും വരെ ഹോർമുസിൽ നിയന്ത്രണം തുടരും.
- അബ്ബാസ് അരാഗ്ചി,
വിദേശകാര്യ മന്ത്രി, ഇറാൻ
സൗദിയിൽ ആക്രമണം
സൗദി അറേബ്യയിൽ നജ്രാൻ പ്രവിശ്യയിലെ ഷറൂറ സൈനിക ബേസിലും ജിസാനിലെ ജനവാസ മേഖലയിലും വ്യോമാക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. ഷറൂറ ബേസിൽ നാശനഷ്ടമുണ്ടായോ എന്ന് സൗദി വ്യക്തമാക്കിയിട്ടില്ല. ജിസാനിൽ രണ്ട് പേർക്ക് പരിക്കേറ്റു. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സർക്കാർ സേനയ്ക്കൊപ്പം ചേർന്ന് സൗദി ബോംബാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |