SignIn
Kerala Kaumudi Online
Monday, 14 September 2026 12.31 AM IST

ഇന്ത്യ–അഫ്ഗാൻ മത്സരത്തിൽ ചരിത്ര നിമിഷം; ദേശീയ ഗാനത്തിന് പിന്നാലെ വന്ദേമാതരവും ആലപിച്ചു

team-india-
ദേശീയ ഗാനം ആലപാനത്തിനിടെ ടീം ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ–അഫ്ഗാനിസ്ഥാൻ ആദ്യ ട്വന്റി20 മത്സരത്തിന് മുന്നോടിയായി ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അരങ്ങേറിയത് ചരിത്രനിമിഷം. അന്താരാഷ്ട്ര കായിക മത്സരവേദിയിൽ ആദ്യമായി ദേശീയഗാനമായ 'ജന ഗണ മന'യ്ക്ക് പിന്നാലെ ദേശീയഗീതമായി അംഗീകരിച്ച ‘വന്ദേമാതരം’വും ആലപിച്ചു.

ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച ‘വന്ദേമാതര’ത്തിന്റെ ആറ് ചരണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് മത്സരത്തിന് മുമ്പ് അവതരിപ്പിച്ചത്. 52 സെക്കൻഡ് ദൈർഘ്യമുള്ള ദേശീയഗാനത്തിനും മൂന്ന് മിനിട്ടും 10 സെക്കൻഡും ദൈർഘ്യമുള്ള ‘വന്ദേമാതര’ത്തിനുമായി ആകെ നാല് മിനിട്ടും രണ്ട് സെക്കൻഡും സമയമെടുത്തു.

ദേശീയഗാനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘വന്ദേമാതരം’ ആലപിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഫെബ്രുവരി ആറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഔദ്യോഗികമായി അംഗീകരിച്ച മൂന്ന് മിനിട്ടും 10 സെക്കൻഡും ദൈർഘ്യമുള്ള പതിപ്പ് ആലപിക്കണമെന്നും ഗാനമാലപിക്കുന്ന സമയത്ത് ചടങ്ങിൽ പങ്കെടുക്കുന്നവർ ജാഗ്രതയോടെ നിൽക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതിയോ ഗവർണർമാരോ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിലും റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്ന രാഷ്ട്രപതിയുടെ പ്രസംഗങ്ങൾക്ക് മുമ്പും ശേഷവും ദേശീയപതാക പരേഡിലേക്ക് കൊണ്ടുവരുന്ന അവസരങ്ങളിലും സമാനമായ മറ്റ് ഔദ്യോഗിക ചടങ്ങുകളിലും ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിക്കാനും മാർഗനിർദേശത്തിൽ അനുമതി നൽകിയിട്ടുണ്ട്.

‘വന്ദേമാതര’ത്തിന്റെ ആദ്യ രണ്ട് ചരണങ്ങളെയാണ് 1937ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയഗാനമായി തിരഞ്ഞെടുത്തത്. 1950ൽ ഭരണഘടനാ നിർമാണ സഭ ‘വന്ദേമാതര’ത്തെ ദേശീയഗീതമായിട്ട് അംഗീകരിച്ചു. അന്താരാഷ്ട്ര കായിക വേദിയിൽ ആദ്യമായാണ് ‘ജന ഗണ മന’യ്ക്ക് പിന്നാലെ ‘വന്ദേമാതരം’ ആലപിക്കുന്നത്.

English Summary

India’s first T20I against Afghanistan in New Delhi witnessed a historic moment, with ‘Vande Mataram’ being played after the national anthem ‘Jana Gana Mana’ at an international sporting event for the first time.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL ANTHEM, VANDEMATARAM, JANAGANAMANA, SPORTS, AFG VS IND 1ST T20I
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360